പ്രഭാസ്
ന‍്യൂഡൽഹി: തെന്നിന്ത‍്യൻ താരം പ്രഭാസിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ രാജാസാബ് എന്ന ചിത്രത്തിന്‍റെ പ്രദർശനത്തിനിടെ തീപിടിത്തം. ഒഡീശയിലെ റായഗദ്ദ അശോക ടോക്കീസിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.
പ്രഭാസിന്‍റെ എൻട്രിക്കിടെ ആരതി ഉഴിയാനായിരുന്നു ആരാധകരുടെ പദ്ധതി. ഇതിനിടെ ചെറുപടക്കങ്ങൾ പൊട്ടിച്ചതാണ് തീപിടിത്തതിനു കാരണമായത്. ഇതോടെ പ്രേക്ഷകരിൽ ചിലർ തിയെറ്ററിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തീ ഉടനെ തന്നെ അണച്ചതിനാൽ ആർക്കും പരുക്കേറ്റിട്ടില്ല.
തീ കെടുത്താൻ ശ്രമിക്കുന്ന ആരാധകരുടെ ദൃശൃങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയെറ്ററിലെത്തിയ ചിത്രം ആദ‍്യ ദിനം തന്നെ 100 കോടി രൂപയിലധികം ബോക്സ് ഓഫിസിൽ കളക്ഷൻ നേടിയിരുന്നു. 350 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്‍റെ ഡിജിറ്റൽ റൈറ്റ്സ് 160 കോടി രൂപയ്ക്കാണ് വിറ്റു പോയതെന്നാണ് റിപ്പോർട്ടുകൾ.
മലയാളി താരം മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രഭാസിനു പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്ത്, നിധി അഗർവാൾ, റിദ്ധി കുമാർ, സറീന വഹാബ് എന്നിവരും ചിത്രത്തിൽ മുഖ‍്യവേഷത്തിൽ വേഷമിടുന്നു.