ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്നഗര്‍ സ്വദേശിയായ മക്സൂദ് അലി
ലക്‌നൗ: എക്യുഐഎസുമായി (അല്‍-ഖ്വയ്ദ ഇന്‍ ദ ഇന്ത്യന്‍ സബ്‌കോണ്ടിനന്‍റ്) ബന്ധമുള്ള ഒരു സംഘവുമായി ബന്ധമുണ്ടെന്നും രാജ്യത്ത് 'അക്രമാസക്തമായ ജിഹാദിസ്റ്റ്' പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും ആരോപിച്ച് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്ന് 19 വയസ്സുള്ള യുവാവിനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്നഗര്‍ സ്വദേശിയായ മക്സൂദ് അലിയാണ് അറസ്റ്റിലായത്. തമിഴ്നാട് എടിഎസിന്‍റെ സഹായത്തോടെ 14നാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ട്രാന്‍സിറ്റ് റിമാന്‍ഡില്‍ ലക്നൗവിലേക്ക് കൊണ്ടുവന്ന ഇയാളെ കോടതിയില്‍ ഹാജരാക്കി.
ഈ കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 12ന് അറസ്റ്റിലായ മുഹമ്മദ് നബീലിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് അലി അന്വേഷണ പരിധിയിലായത്. അലി നബീലുമായും മറ്റുള്ളവരുമായും ബന്ധം പുലര്‍ത്തിയിരുന്നതായും, പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു 'ഹാന്‍ഡ്‌ലറുമായി' ബന്ധപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. അലി ഹാക്കിങ് ടൂളുകള്‍ വികസിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ടെലിഗ്രാം, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ പൈത്തണ്‍, ജാവ, കോഡിങ്, ഹാക്കിങ് എന്നിവയില്‍ അറിവ് നേടിയിരുന്നതായും എടിഎസ് പറഞ്ഞു.
ലഷ്‌കര്‍ ഇ മെഹന്ദി, ടീം ബ്ലാക്ക് ഹാറ്റ്, യുയു എന്‍ട്രി ഗേറ്റ് തുടങ്ങിയ നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളുമായി അലിക്ക് ബന്ധമുണ്ടായിരുന്നതായി യുപി എടിഎസ് പ്രസ്താവനയില്‍ അറിയിച്ചു. ഇതില്‍ ചില ഗ്രൂപ്പുകളില്‍ പാക്കിസ്ഥാന്‍ നമ്പറുകള്‍ ഉള്‍പ്പെട്ടിരുന്നതായും ജിഹാദി, തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അവ ഉപയോഗിച്ചിരുന്നതായും എടിഎസ് സംശയിക്കുന്നുണ്ട്.
നിരോധിത ഭീകര സംഘടനയായ 'അല്‍-ഖ്വയ്ദ ഇന്‍ ദ ഇന്ത്യന്‍ സബ്കോണ്ടിനന്‍റു'മായി ബന്ധപ്പെട്ട സാഹിത്യങ്ങളും ബോംബ് നിര്‍മാണ രീതികള്‍ വിവരിക്കുന്ന വിഡിയൊകളും ഷെയര്‍ ചെയ്തിരുന്നതായി ആരോപിക്കപ്പെടുന്ന, 'ലാ ഗാലിബ് - ഇല്ലള്ളാ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ അലി അംഗമായിരുന്നുവെന്നും എടിഎസ് ആരോപിച്ചു.