നരേന്ദ്ര മോദി, ഷി ജിൻപിങ് (ഫയൽ ചിത്രം)

 
India

ബ്രിക്സ് ഉച്ചകോടി: അഭ്യൂഹങ്ങൾക്ക് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദർശനമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു

Sarath Nath MS

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഇന്ത്യയിലെത്തുമെന്ന് ചൈന സ്ഥിരീകരിച്ചു. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് ഷി ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദർശനമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഏഴ് വർഷത്തിന് ശേഷമാണ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്. 2020ലെ ഗാൽവാൻ താഴ്‌വരയിലെ അതിർത്തി സംഘർഷത്തിന് പിന്നാലെ ഇന്ത്യ-ചൈന ബന്ധം സജീവമല്ലാത്ത സാഹചര്യത്തിലാണ് ഷിയുടെ സന്ദർശനം. 2019ൽ ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അനൗപചാരിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഷി ജിൻപിങ് അവസാനമായി ഇന്ത്യയിലെത്തിയത്. 2016ൽ ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഷി പങ്കെടുത്തിരുന്നു. 2014 സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനം.

ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിക്ക് 48 മണിക്കൂർ മാത്രം ശേഷിക്കവേയാണ് ഷി ജിൻപിങ് പങ്കെടുക്കുന്ന വിവരം ചൈന സ്ഥിരീകരിച്ചത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷി എത്തുമോയെന്ന കാര്യത്തിൽ ഇതുവരെ നിലനിന്നിരുന്ന അനിശ്ചിതത്വത്തിനാണ് ഇപ്പോൾ വിരാമമായത്.

1962ലെ യുദ്ധത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സുഖകരമായിരുന്നില്ല. 2020ൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും ചൈനീസ് സൈനികർക്കും ആൾനാശമുണ്ടാകുകയും ചെയ്തതോടെ ബന്ധം കൂടുതൽ വഷളായി. എന്നാൽ സമീപ വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ചില പുരോഗതിയുണ്ടായി. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിച്ചതിന് പിന്നാലെ, 2020ലെ സംഘർഷങ്ങൾക്ക് ശേഷം ചൈനീസ് നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങളിൽ ഇന്ത്യ ഇളവ് വരുത്തിയിരുന്നു. ഇലക്ട്രോണിക്സ്, സോളാർ സെൽ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഇളവുകൾ നൽകിയത്.

ഈ വർഷം സെപ്റ്റംബറിൽ കിർഗിസ്ഥാനിൽ നടന്ന ഉച്ചകോടിയിൽ മോദിയും ഷിയും ഹ്രസ്വ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും പരസ്പരം എതിരാളികളല്ലെന്നും പങ്കാളികളാണെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

ഇതിനിടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷം 12.4 ശതമാനം ഉയർന്ന് 155 ബില്യൺ ഡോളർ എന്ന റെക്കോഡിൽ എത്തിയിരുന്നു. പത്ത് വർഷം മുൻപ് രേഖപ്പെടുത്തിയ 71.6 ബില്യൺ ഡോളറിന്‍റെ ഇരട്ടിയിലേറെയാണിത്. ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനം വർധിച്ചു.

ചാറ്റ്ജിപിടിയുടെ ‘80 വൈബ്’ ട്രെൻഡ് രാഷ്ട്രീയപ്പോരിലേക്ക്; കോൺഗ്രസും ബിജെപിയും എഐ ചിത്രങ്ങളുമായി രംഗത്ത്

ചെങ്കോട്ട സ്ഫോടനത്തിലെ മുഖ‍്യ പ്രതി ഉമർ നബി ആദ‍്യം ല‍ക്ഷ‍്യമിട്ടത് ഡൽഹിയിലെ ജൈന ക്ഷേത്രം; കൂടുതൽ വിവരങ്ങൾ പുറത്ത്

വന്ദേമാതരം മുഴുവൻ പാടണ്ട, 2 ഖണ്ഡിക മതി; ഉത്തരവുമായി കർണാടക സർക്കാർ

ക്യാൻസർ മൂർച്ഛിച്ചു; 'നന്ദു' കടുവയ്ക്ക് ദയാവധം

ഭൂമി തട്ടിപ്പ് കേസ്; അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയി അറസ്റ്റിൽ