"എല്ലാവർക്കും രണ്ട് ലഡ്ഡു, എനിക്ക് മാത്രം ഒരു ലഡ്ഡു"; മുഖ്യമന്ത്രിക്ക് പരാതി നൽകി ഗ്രാമീണൻ, ക്ഷമ ചോദിച്ച് പഞ്ചായത്ത്
ഭോപ്പാൽ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി പഞ്ചായത്ത് നടത്തിയ മധുര വിതരണത്തിൽ അപാകത ആരോപിച്ച് ഗ്രാമീണൻ. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കമലേഷ് ഖുശ്വാഹ എന്ന ഗ്രാമീണൻ ആണ് പരാതി നൽകിയത്. ഗ്രാമപഞ്ചായത്ത് ഭവനിൽ ദേശീയ പതാക ഉയർത്തിയതിനു ശേഷം എല്ലാവർക്കും രണ്ട് ലഡ്ഡു വീതം വിതരണം ചെയ്തപ്പോൾ തനിക്ക് ഒരു ലഡ്ഡു മാത്രമാണ് നൽകിയതെന്നാണ് കമലേഷിന്‍റെ പരാതി. ഒരു ലഡ്ഡു കൂടി ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും കമലേഷ് പറയുന്നു.
തൊട്ടു പിന്നാലെ പഞ്ചായത്തിനു പുറത്തെത്തി മുഖ്യമന്ത്രിയുടെ ഹെൽപ് ലൈനിലേക്ക് വിളിച്ചാണ് കമലേഷ് പരാതി രേഖപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ കമലേഷ് റോഡിനു പുറത്തായിരുന്നുവെന്നും പഞ്ചായത്തിലെ ജീവനക്കാരൻ ഒരു ലഡ്ഡുവാണ് നൽകിയതെന്നും രണ്ട് ലഡ്ഡു ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്നും പഞ്ചായത്ത് സെക്രട്ടറി രവീന്ദ്ര ശ്രീവാസ്തവ സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തിൽ വീഴ്ച വന്നുവെന്ന് ഉറപ്പായതോടെ പ്രശ്നം പരിഹരിക്കുന്നതിനായി ഒരു കിലോ മധുരപലഹാരം കമലേഷിന് നൽകി ക്ഷമ ചോദിക്കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം.