കശ്മീരിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ചു
File pic
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കഠുവയിൽ പാക്കിസ്ഥാനി ഭീകരനെ രക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ജയ്ഷ് ഇ മുഹമ്മദ് കമാൻഡറായ ഉസ്മാനെയാണ് ബില്ലവർ മേഖലയിൽ വെള്ളിയാഴ്ച സേന വധിച്ചത്.
റിപ്പബ്ലിക് ദിനത്തിൽ വൻ ആക്രമണത്തിനു പാക് ഭീകരസംഘടനകൾ പഞ്ചാബിലെ ഗൂണ്ടാ സംഘങ്ങളുമായി ചേർന്നു പദ്ധതിയിടുന്നുവെന്ന മുന്നറിയിപ്പിനിടെയാണു സംഭവം.
ബില്ലവറിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നു പരിശോധന നടത്തിയ സേന ഉസ്മാനെവിടെയെന്നു കൃത്യമായി തിരിച്ചറിഞ്ഞു വധിക്കുകയായിരുന്നു. ഇയാളിൽ നിന്നു വൻതോതിൽ സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. കഠുവയിൽ ഭീകരരുടെ മൂന്ന് ഒളിയിടങ്ങളും രക്ഷാസേന തകർത്തു.