ന്യൂഡൽഹി< രാജ്യത്തെ 18 മരുന്നു കമ്പനികളുടെ ലൈസൻസ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡിസിജിഐ) റദ്ദാക്കി. 26 കമ്പനികൾക്ക് നോട്ടീസ് നൽകി. 20 സംസ്ഥാനങ്ങളിലായി 76 മരുന്നു കമ്പനികളിൽ കേന്ദ്ര, സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയെത്തുടർന്നാണു നടപടി.
ഇന്ത്യൻ കമ്പനികളുടെ മരുന്നുകൾ ഉപയോഗിച്ച രോഗികൾ മരണമടഞ്ഞെന്നു വിവിധ രാജ്യങ്ങളിൽ നിന്നു പരാതികളുയർന്നതിനെത്തുടർന്നായിരുന്നു പരിശോധന. ഉസ്ബക്കിസ്ഥാനിൽ ഇന്ത്യൻ നിർമിത ചുമ മരുന്ന് ഉപയോഗിച്ച 18 കുട്ടികൾ മരിച്ചെന്ന ആരോപണത്തിൽ നോയിഡ കേന്ദ്രമായ മരുന്നു കമ്പനിയിലെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഗുജറാത്ത് ആസ്ഥാനമായ സൈഡസ് ലൈഫ് സയൻസ് കമ്പനി യുഎസ് വിപണിയിൽ നിന്ന് 55000 ബോട്ടിൽ മരുന്ന് തിരിച്ചുവിളിച്ചു. നിലവാരമില്ലാത്തതെന്നു കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇത്.