ന്യൂഡൽഹി: സ്നേഹവും ഐക്യവും സാഹോദര്യവുമായാണ് ആഘോഷിക്കുന്നതാണ് യേശുക്രിസ്തുവിന്‍റെ സന്ദേശങ്ങളെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സന്ദേശത്തിന്‍റെ സത്തയെ കൂടുതൽ കരുത്തുറ്റതാക്കാൻ എല്ലാവരും ഒത്തുചേർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം. ഡൽഹിയിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഒഫ് ഇന്ത്യ (സിബിസിഐ)യുടെ ക്രിസ്മസ് ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്ത് അക്രമം പടർത്താനും സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കാനുമുള്ള ശ്രമങ്ങൾ വേദനാജനകമാണ്. ഇന്ത്യ സ്വീകരിച്ചതുപോലുള്ള മനുഷ്യകേന്ദ്രീകൃത സമീപനത്തിനു മാത്രമേ ഇരുപത്തൊന്നാം നൂറ്റാണ്ടിനെ പുതിയ ഉയരങ്ങളിലേക്കു നയിക്കാനാകൂ. ജർമനിയിലെ ക്രിസ്മസ് ചന്തയിലുണ്ടായ ഭീകരാക്രമണവും ശ്രീലങ്കയിൽ 2019ൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനവും എടുത്തു പറഞ്ഞ മോദി ഇത്തരം വെല്ലുവിളികളെ നേരിടാൻ ഒരുമിച്ചു നിൽക്കണമെന്ന് ആഹ്വാനം ചെയ്തു. ഇതാദ്യമാണ് സിബിസിഐ ആസ്ഥാനത്ത് ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് 6ന് ഇവിടെയെത്തിയ പ്രധാനമന്ത്രിയെ സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിന്‍റെ നേതൃത്വത്തിൽ ബിഷപ്പുമാർ സ്വീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം സാംസ്കാരിക, രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖരും ആഘോഷത്തിൽ പങ്കെടുത്തു.
യുദ്ധഭൂമിയായ അഫ്ഗാനിസ്ഥാനിൽ നിന്ന് ഫാ. അലക്സിസ് പ്രേം കുമാറിനെ സുരക്ഷിതനായി ഇന്ത്യയിൽ തിരികെയെത്തിച്ചത് ഏറെ സംതൃപ്തിയുണ്ടാക്കിയ അനുഭവമായിരുന്നെന്നു പ്രധാനമന്ത്രി പറഞ്ഞു. എട്ടു മാസമായി അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു അദ്ദേഹം. ഇത്തരം വിഷയങ്ങളിൽ നയതന്ത്രപരമായ ഉത്തരവാദിത്വം മാത്രമല്ല, കുടുംബാംഗത്തെ തിരിച്ചെത്തിക്കുക എന്ന കടമകൂടിയാണു നിറവേറ്റപ്പെടുന്നത്. മനുഷ്യാവകാശത്തെക്കുറിച്ചു വലിയവായിൽ പറയുന്ന രാജ്യങ്ങൾ കൊവിഡ് 19 മഹാമാരിയുണ്ടായപ്പോൾ ദരിദ്ര രാജ്യങ്ങളെ സഹായിക്കുന്നതിൽ നിന്ന് ഓടിയൊളിച്ചു. എന്നാൽ, 150ലേറെ രാജ്യങ്ങൾക്ക് ഇന്ത്യ മരുന്നു നൽകി. നമ്മുടെ കഴിവിനപ്പുറം കടന്നാണ് വിദേശരാജ്യങ്ങളെ സഹായിച്ചതെന്നും മോദി ചൂണ്ടിക്കാട്ടി. എല്ലാവരും ഒന്നിച്ച്, എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും പരിശ്രമം എന്ന പൊതുലക്ഷ്യവുമായാണ് രാജ്യം ഇന്ന് മുന്നേറുന്നത്. കത്തോലിക്കാ സഭയുടെ കര്‍ദിനാളായി മാർ ജോര്‍ജ് കൂവക്കാട് തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.