പ്രധാനമന്ത്രി നരേന്ദ്ര മോദി
File photo
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവിധ വിദേശ സന്ദർശനങ്ങൾക്കായി ഈ വർഷം ഇതുവരെ ഏകദേശം 75 കോടി രൂപ ചെലവായി. 2021 മുതൽ ഇതുവരെ 557 കോടി രൂപയും ചെലവഴിച്ചതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്, സിപിഐ എംപി വി. ശിവദാസൻ എന്നിവരുടെ ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയം രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ.
ഈ വർഷം ജൂലൈ വരെയുള്ള പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾക്കായി ആകെ 74,58,93,797 രൂപയാണ് (ഏകദേശം 74.59 കോടി രൂപ) ചെലവായത്. മലേഷ്യ, ഇസ്രയേൽ, യുഎഇ, നെതർലാൻഡ്സ്, സ്വീഡൻ, നോർവെ, ഇറ്റലി, ഫ്രാൻസ്, സ്ലൊവാക്യ, സീഷെൽസ്, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്.
മന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിന്‍റെ രണ്ടാം പകുതിയിൽ നോർവെ സന്ദർശിച്ചപ്പോഴാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് - 17,46,50,390 രൂപ. ഫെബ്രുവരിയിൽ നടത്തിയ ഇസ്രയേൽ സന്ദർശനത്തിനായി 11,92,25,938 രൂപയും ചെലവായി. ഈ വർഷം ഇതുവരെ 13 രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിച്ചിട്ടുള്ളത്.
മോദിയുടെ രണ്ടാം സർക്കാരിന്‍റെ കാലമായ 2021 മുതൽ ഈ വർഷം ജൂലൈ വരെയുള്ള കാലയളവിൽ ആകെ 5,57,51,34,018.56 രൂപയാണ് (ഏകദേശം 557.51 കോടി രൂപ) ചെലവായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഫ്രാൻസ് സന്ദർശിച്ചപ്പോഴാണ് ഏറ്റവും കൂടുതൽ തുക (25,59,82,902 രൂപ) ചെലവഴിച്ചത്.
2021 മുതൽ പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളുടെ രാജ്യ തിരിച്ചുള്ള വിവരങ്ങളും, ആ വർഷം മുതലുള്ള ആകെ ചെലവും വർഷം തോറും സന്ദർശനം തോറുമുള്ള കണക്കുകളും എംപിമാർ ആവശ്യപ്പെട്ടിരുന്നു.
ഉഭയകക്ഷി ചർച്ചകൾ, പ്രവാസി ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ചകൾ, അന്താരാഷ്ട്ര ഉച്ചകോടികളിലെ പങ്കാളിത്തം, സ്മാരക സന്ദർശനങ്ങൾ, ഔദ്യോഗിക വിരുന്നുകൾ എന്നിവയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലെ പ്രധാന പരിപാടികൾ.
2016-ൽ സ്വന്തമാക്കിയ രണ്ട് ബോയിങ് 777-300ഇആർ വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക സ്ക്വാഡ്രനാണ് പ്രധാനമന്ത്രിക്കായുള്ള 'എയർ ഇന്ത്യ വൺ' (Air India One) വിമാനം സർവീസ് നടത്തുന്നത്. പ്രധാനമന്ത്രിയോടൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെയുള്ള വിവിധ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്‍റെ (എസ്പിജി) സുരക്ഷാ സംഘവും ഉണ്ടാകാറുണ്ട്.