പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഫിസിൽ.

 
India

പിഎംഒ പേര് മാറ്റുന്നു, ഓഫിസും

പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) എഴുപത്തെട്ടു വർഷത്തിനുശേഷം സൗത്ത് ബ്ലോക്കിൽ നിന്നു മാറുന്നു, ഒപ്പം പിഎംഒയുടെ പേരും മാറിയേക്കും

ന്യൂഡൽഹി: രാജ്യത്തിന്‍റെ ഭരണചക്രത്തെ നിയന്ത്രിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) എഴുപത്തെട്ടു വർഷത്തിനുശേഷം സൗത്ത് ബ്ലോക്കിൽ നിന്നു മാറുന്നു. അധികം അകലെയല്ലാതെ എക്സിക്യൂട്ടിവ് എൻക്ലേവിലേക്കാണ് മാറ്റം. അടുത്തമാസം പുതിയ ഓഫിസിലേക്കു മാറിയേക്കുമെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ. സെൻട്രൽ വിസ്ത നവീകരണത്തിന്‍റെ ഭാഗമായുള്ള മാറ്റത്തിൽ ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയെല്ലാം ഉൾപ്പെടും.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കടുത്താണു പുതിയ ഓഫിസിൽ. 100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇപ്പോഴത്തെ ഓഫിസിൽ മതിയായ സൗകര്യങ്ങളില്ല. രാജ്യം സാമ്പത്തിക ശക്തിയായി മാറുമ്പോൾ പ്രധാനമന്ത്രിയുടെ ഓഫിസിൽ പുതിയ കാലത്തിന്‍റെ സൗകര്യങ്ങളും വേണമെന്ന കാഴ്ച്ചപ്പാടിലാണു പുതിയ എൻക്ലേവിന്‍റെ നിർമാണം. തലസ്ഥാനത്തെ സ്ഥലപരിമിതിയും ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള വെല്ലുവിളികളും മറികടക്കാനായിരുന്നു സെൻട്രൽ വിസ്ത നവീകരണം.

ആഭ്യന്തര മന്ത്രാലയം, ഉദ്യോഗസ്ഥകാര്യ മന്ത്രാലയം എന്നിവയുടെ ഓഫിസ് അടുത്തിടെ കര്‍ത്തവ്യ ഭവന്‍3ലേക്ക് മാറ്റിയിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബ്രിട്ടിഷ് കാലത്തു നിർമിച്ച കെട്ടിടങ്ങളിൽ നിന്നു മാറേണ്ട സമയം അതിക്രമിച്ചെന്നായിരുന്നു അന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന.

പുതിയ ഓഫിസിലേക്കുള്ള മാറ്റത്തിനൊപ്പം പിഎംഒയുടെ പേരും മാറിയേക്കുമെന്നാണു കരുതുന്നത്. താൻ പ്രധാനമന്ത്രിയല്ല പ്രധാന സേവകനാണെന്നായിരുന്നു ചുമതലയേറ്റപ്പോൾ മോദി പറഞ്ഞത്. ഓഫിസിന്‍റെ പേരും സമാനമായ ചിന്തയെ പ്രതിഫലിപ്പിക്കുന്നതാകും. സേവനം എന്ന് അർഥം വരുന്ന പേരാണ് പരിഗണിക്കപ്പെടുന്നത്. വരുന്നത് ജനങ്ങളുടെ പിഎംഒ ആയിരിക്കുമെന്നു സർക്കാർ വൃത്തങ്ങൾ.

സ്വതന്ത്ര ഇന്ത്യയിൽ ഭരണസിരാ കേന്ദ്രമായി പ്രവർത്തിച്ച നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും മ്യൂസിയമാക്കി മാറ്റാനാണു തീരുമാനം. രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന യുഗേ യുഗീന്‍ ഭാരത് സഗ്രഹാലയ എന്ന പേരിലാകും മ്യൂസിയം. ഇതിന്‍റെ വികസനത്തിന് നാഷണൽ മ്യൂസിയവും ഫ്രഞ്ച് മ്യൂസിയവുമായി ധാരണയിലെത്തി. രാഷ്‌ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണു സെൻട്രൽ വിസ്ത പദ്ധതി. പാര്‍ലമെന്‍റ് മന്ദിരം, കേന്ദ്ര സെക്രട്ടേറിയറ്റ്, ഉപരാഷ്ട്രപതിയുടെ ഓഫിസ് എന്നിവയ്ക്ക് പുറമെയാണ് ഇവിടേക്ക് പ്രധാനനമന്ത്രിയുടെ ഓഫിസ് കൂടി എത്തുന്നത്. നവീകരണത്തിന്‍റെ ഭാഗമായി രാജ്പഥിന്‍റെ പേര് കര്‍ത്തവ്യപഥ് എന്നാക്കി മാറ്റിയിരുന്നു.

കത്ത് വിവാദം കത്തുന്നു; ആരോപണത്തിന്‍റെ നിഴലിൽ കൂടുതൽ നേതാക്കൾ

ടോമിൻ തച്ചങ്കരി സ്ഥലം കൈയേറിയെന്നാരോപിച്ച് പ്രക്ഷോഭം

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കെഫോണിന്‍റെ ഒടിടി സേവനങ്ങൾ വ്യാഴാഴ്ച നാടിനു സമർപ്പിക്കും

'വാനര' പ്രയോഗം: സുരേഷ് ഗോപി മാപ്പ് പറയണമെന്ന് ശിവൻകുട്ടി