കെ.സി. വേണുഗോപാൽ

 
India

ഡൽഹിയിൽ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമം; അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് സ്പീക്കർക്ക് കെ.സി. വേണുഗോപാലിന്‍റെ കത്ത്

ആർട്ടിക്കിൾ 77നൊപ്പം ആർട്ടിക്കിൾ 75 പ്രകാരമുള്ള വ്യവസ്ഥകൾ ഉപയോഗിച്ച് ആഭ്യന്തര മന്ത്രിയെ സഭയിൽ ഹാജരാക്കാൻ സ്പീക്കർക്ക് അധികാരമുണ്ടെന്നും വേണുഗോപാൽ കത്തിൽ വ്യക്തമാക്കി

Sarath Nath MS

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി. കെ.സി. വേണുഗോപാൽ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് അയച്ചു. വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരേ പൊലീസ് നടത്തിയ അതിക്രമങ്ങളും പെല്ലറ്റ് തോക്കുകളുടെ ഉപയോഗവും സംബന്ധിച്ച് ആഭ്യന്തര മന്ത്രി സഭയിൽ വിശദമായ പ്രസ്താവന നടത്തുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യണമെന്ന് വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടു.

ജനാധിപത്യപരമായ അവകാശങ്ങൾ വിനിയോഗിച്ച യുവാക്കൾക്കെതിരേ നിയമപാലക ഏജൻസികൾ നടത്തിയ കടുത്ത നടപടികൾ ദേശീയതലത്തിൽ ഗൗരവമായ ആശങ്കയുണ്ടാക്കുന്നതാണെന്നും അടിയന്തര പാർലമെന്‍ററി പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി പൊലീസ് നേരിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായതിനാൽ സംഭവങ്ങളുടെ അന്തിമ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി.

ഭരണഘടനയിലെ ആർട്ടിക്കിൾ 77 പ്രകാരം രൂപീകരിച്ച കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തന വിഭജന ചട്ടങ്ങൾ അനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിധിയിലുള്ള എല്ലാ കാര്യങ്ങളുടെയും ചുമതല ആഭ്യന്തര മന്ത്രിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ ആർട്ടിക്കിൾ 75(3) പ്രകാരം മന്ത്രിസഭ ലോക്സഭയോട് കൂട്ടുത്തരവാദിത്തമുള്ളതാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള പൊലീസ് സേനയുടെ നടപടികളെക്കുറിച്ച് പാർലമെന്‍റിൽ ആഭ്യന്തര മന്ത്രി മറുപടി പറയേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സഭയുടെ അവകാശങ്ങളുടെയും പ്രത്യേകാധികാരങ്ങളുടെയും സംരക്ഷകനെന്ന നിലയിൽ, എക്സിക്യൂട്ടീവ് പാർലമെന്‍റിനോട് ഉത്തരവാദിത്തപ്പെട്ടിരിക്കുമെന്ന് ഉറപ്പാക്കാനുള്ള അധികാരം സ്പീക്കർക്കുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. ആർട്ടിക്കിൾ 77നൊപ്പം ആർട്ടിക്കിൾ 75 പ്രകാരമുള്ള വ്യവസ്ഥകൾ ഉപയോഗിച്ച് ആഭ്യന്തര മന്ത്രിയെ സഭയിൽ ഹാജരാക്കാൻ സ്പീക്കർക്ക് അധികാരമുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

ജൂലൈ 20ന് പേപ്പർ ചോർച്ച വിഷയത്തിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ അമിത് ഷാ പാർലമെന്‍റിൽ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ലോക്സഭയിലും രാജ്യസഭയിലും ആവശ്യപ്പെട്ടുവരികയാണ്. പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ തുടർന്ന് ഇരുസഭകളിലും നടപടികൾ തടസപ്പെട്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ.

കാണാതായിട്ട് 11 ദിവസം; ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

വേണ്ടത്ര മഴയില്ല, വരുണ യാഗം നടത്തി തെലങ്കാന സർക്കാർ; മുഖ്യമന്ത്രിയും പങ്കെടുക്കും

തൃശൂരിൽ സർക്കാർ പന്നിവളർത്തൽ കേന്ദ്രത്തിൽ ആഫ്രിക്കൻ പന്നിപ്പനി

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

പിറമാടം പള്ളിയിലെ സംഘർഷം; സമാധാനശ്രമങ്ങൾ തകർക്കാനുള്ള നീക്കം അപലപനീയമെന്ന് യാക്കോബായ സുറിയാനി സഭ