പാംഗോങ് സോ തടാകം.
Google Earth
ന്യൂഡൽഹി: കിഴക്കൻ ലഡാഖിൽ പാംഗോങ് ത്സോ തടാകത്തിനു സമീപം ചൈന സൈനിക സന്നാഹങ്ങൾ വർധിപ്പിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങൾ. തടാകത്തിനു സമീപത്തെ സിരിജാപ് പോസ്റ്റിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിന്‍റെ ചിത്രങ്ങളാണു പുറത്തുവന്നത്. തടാകത്തിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെ നിരവധി പുതിയ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്.
1962ലെ യുദ്ധത്തിൽ ചൈന അനധികൃതമായി കൈയടക്കിയ ഇന്ത്യൻ പ്രദേശമാണു സിരിജാപ് പോസ്റ്റ്. ഇപ്പോഴും ഇതു തർക്കപ്രദേശമാണ്. നിലവിലുള്ള ബഫർ സോണിലേക്കു ചൈന കൂടുതൽ അടുക്കുന്നതായും ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഈ മേഖലയിൽ 2013ൽ ചൈന റോഡ് നിർമിച്ചിരുന്നു.
തുടക്കത്തിൽ ഇരുരാജ്യങ്ങളിലെയും സൈനികർ പട്രോളിങ്ങിന് ഉപയോഗിച്ചിരുന്ന റോഡാണിത്. എന്നാൽ, 2020ലെ ഗാൽവാൻ താഴ്‌വര സംഘർഷത്തിനുശേഷം ഇന്ത്യൻ സേനയുടെ പട്രോളിങ് ഇവിടെ സാധ്യമായിട്ടില്ല. അന്നു മുതൽ മേഖലയിലെ താത്കാലിക ടെന്‍റുകളിൽ ചൈന സ്ഥിരമായി സൈനികരെ വിന്യസിച്ചിട്ടുണ്ട്.
ഷാങ്‌ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും നടത്തിയ ചർച്ചയെത്തുടർന്ന് കഴിഞ്ഞ വർഷം അതിർത്തിയിൽ പൊതുവേ സമാധാനം പുലർന്നിരുന്നു. സൈനിക പിന്മാറ്റവും സാധ്യമായി. ഇതിനിടെയും ചൈന നടത്തുന്ന നീക്കങ്ങൾ പ്രതിരോധ കേന്ദ്രങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്.