രാഹുൽ ഗാന്ധി

 
India

യുജിസി നെറ്റ് ചോദ്യപേപ്പർ ചോർന്നതായി ആരോപണം; വിമർശനവുമായി രാഹുൽ ഗാന്ധി

ചോദ‍്യപേപ്പർ ചോർന്നുവെന്ന ആരോപണങ്ങൾ എൻടിഎ തള്ളി

Aswin AM

ന‍്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയുടെ ചോദ‍്യപേപ്പർ ചോർന്നതായി പരാതി. പരീക്ഷയ്ക്ക് മുൻപ് തന്നെ സോഷ‍്യോളജിയുടെ ചോദ‍്യപേപ്പർ സോഷ‍്യൽ മീഡിയയിൽ പിഡിഎഫ് രൂപത്തിൽ പ്രത‍്യക്ഷപ്പെട്ടുവെന്നാണ് വിദ‍്യാർഥികൾ ആരോപിക്കുന്നത്. എന്നാൽ ചോദ‍്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് എൻടിഎ പറയുന്നത്. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.

ചോദ‍്യപേപ്പറുകളിൽ അക്ഷരത്തെറ്റുകൾ ഉണ്ടെന്ന് വിദ‍്യാർഥികൾ പരാതി ഉന്നയിച്ചതിനു പിന്നാലെയാണ് വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ചോദ‍്യപേപ്പറുകൾ 2.25 ലക്ഷത്തിന് രാജ‍്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിറ്റഴിക്കപ്പെട്ടുവെന്നാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്.

പരീക്ഷയ്ക്ക് മുൻപ് 100 പേജുകളുള്ള ചോദ‍്യപേപ്പർ പ്രചരിച്ചുവെന്നും പിഡിഎഫിലുണ്ടായിരുന്ന ചോദ‍്യപേപ്പറിലെ 90 ചോദ‍്യങ്ങൾ പരീക്ഷയ്ക്കുണ്ടായിരുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വിദ‍്യാർഥികളുടെ അധ‍്വാനത്തിന് മോദി സർക്കാർ വില കൽപ്പിക്കുന്നില്ലെന്നു പറഞ്ഞ രാഹുൽ ഗാന്ധി പരീക്ഷാ നടപടികളിൽ സുതാര‍്യതയില്ലെന്ന് ചൂണ്ടിക്കാട്ടി.

നീറ്റ്- നെറ്റ് പരീഷകളിൽ ആവർത്തിച്ചുള്ള ക്രമക്കേടുകൾക്ക് ശേഷവും മോദി സർക്കാർ സുഖമായി കണ്ണടച്ച് ഉറങ്ങുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയിൽ നിന്നോ വിദ‍്യാഭ‍്യാസ മന്ത്രിയിൽ നിന്നോ നടപടി പ്രതീക്ഷിക്കുന്നത് വെറുതെയാണെന്നും അന്വേഷണമുണ്ടാകില്ലെന്നും വിദ‍്യാർഥികൾക്ക് നീതി ലഭിക്കില്ലെന്നും രാഹുൽ പറഞ്ഞു.