ന്യൂഡൽഹി: സംഘർഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ തടഞ്ഞ് യുപി പൊലീസ്. ഗാസിപുർ അതിർത്തിയിൽ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടുമാണ് രാഹുലിനെ പൊലീസ് തടഞ്ഞത്. രാഹുലിനും നേതാക്കൾക്കും മുന്നോട്ടു പോവാനാവാത്തതിനാൽ യുപി അതിർത്തിയിൽ തന്നെ ഇവർ തുടരുകയാണ്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടെന്നാണ് വിവരം.
രാവിലെ ഒമ്പതരയോടെയാണ് ഡൽഹിയിൽ നിന്നും രാഹുൽ ഗാന്ധി സംഭലിലേക്ക് പുറപ്പെട്ടത്. രാവിലെ 11 ഓടെ അതിര്‍ത്തിയിൽ എത്തിയെങ്കിലും പൊലീസ് തടഞ്ഞു. പൊലീസിന്‍റെ നിയന്ത്രണത്തെ തുടര്‍ന്ന് ദില്ലി മീററ്റ് എക്സ്പ്രസ് വേയിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്.
രാഹുലിന് പിന്തുണയുമായി നിരവധി കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ട്. യുപി പൊലീസ് ആരെയും അനുമതി കൂടാതെ സംഘർഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിലാണ്. നേരത്തെ സംഭലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്‌വാദി പാർട്ടി, യുപി കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു.