രാമക്ഷേത്ര സംഭാവന തട്ടിപ്പ്: പ്രതികൾക്കു വേണ്ടി ഹാജരാവില്ലെന്ന് ബാർ അസോസിയേഷൻ, ചമ്പത് റായി അയോധ്യ വിടാൻ നിർദേശം
അയോധ‍്യ രാമക്ഷേത്രം
ന്യൂഡൽഹി: രാമക്ഷേത്രത്തിൽ സംഭാവനയും കാണിക്കയുമായി ലഭിച്ച കോടികൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരാവില്ലെന്നു ഫൈസാബാദ് ബാർ അസോസിയേഷൻ പ്രഖ്യാപിച്ചു. തീരുമാനം ലംഘിക്കുന്ന അഭിഭാഷകർക്ക് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തുമെന്നാണു മുന്നറിയിപ്പ്. ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായി, അംഗങ്ങളായ അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർ മൂന്നു ദിവസത്തിനുള്ളിൽ അയോധ്യ വിടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതിനു തയാറായില്ലെങ്കിൽ അയോധ്യ നഗരം ഉപരോധിക്കുമെന്നും അസോസിയേഷൻ പ്രസിഡന്‍റ് കലിക പ്രസാദ്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും സംഘടന തീരുമാനിച്ചു.
2005ൽ അന്നുണ്ടായിരുന്ന താത്കാലിക രാമക്ഷേത്രത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിലും അയോധ്യ ബാർ അസോസിയേഷൻ സമാനമായ ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. അന്നു ലക്നൗവിൽ നിന്നുള്ള ഒരു അഭിഭാഷകനാണ് പ്രതിക്കു വേണ്ടി ഹാജരായത്. കേസിൽ അറസ്റ്റിലായ എട്ടു പ്രതികളെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
അതിനിടെ, സംഭവത്തിൽ സിബിഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. എന്താണ് അടിയന്തര സാഹചര്യമെന്നു ചോദിച്ച രണ്ടംഗബെഞ്ച് ഇപ്പോൾ പരിഗണിച്ചില്ലെങ്കിലും ആകാശം ഇടിഞ്ഞുവീഴില്ലെന്നും വേനലവധിക്കു ശേഷമാകട്ടെയെന്നും വ്യക്തമാക്കി. ജൂലൈ 13നാണ് വേനലവധിക്കുശേഷം സുപ്രീം കോടതി തുറക്കുന്നത്. പ്രത്യേക അന്വേഷണം വേണമെന്നതിനു പുറമേ യുപി സർക്കാരും ക്ഷേത്ര ട്രസ്റ്റും ചേർന്ന് ക്ഷേത്ര വരുമാനം കൈകാര്യം ചെയ്യാൻ സുതാര്യമായ മേൽനോട്ട സംവിധാനമുണ്ടാക്കണമെന്നും ഹർജിയിൽ ആവസ്യപ്പെടുന്നുണ്ട്.
അതേസമയം, ബിജെപിക്കെതിരേ പ്രതിപക്ഷം രാഷ്‌ട്രീയ ആക്രമണം രൂക്ഷമാക്കി. ശ്രീരാമനെപ്പോലും ചതിക്കുന്നവരാണു ബിജെപിയെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും കോൺഗ്രസ് നേതാവ് അജയ് റായിയും ആരോപിച്ചു. എന്നാൽ, കുറ്റം ചെയ്ത ഒരാളെയും വെറുതേവിടില്ലെന്നും അഭിഭാഷകരിൽ നിന്നുണ്ടായ പ്രതികരണം തന്നെ ഹിന്ദു സമൂഹത്തിന്‍റെ ശക്തമായ സന്ദേശമാണന്നും ബിജെപി പ്രതികരിച്ചു. ഇതിനിടെ, കേസ് രജിസ്റ്റർ ചെയ്യും മുൻപു തന്നെ തട്ടിപ്പ് ട്രസ്റ്റ് നേതൃത്വം അറിഞ്ഞുവെന്നതിന് കൂടുതൽ സൂചനകൾ പുറത്തുവന്നു. പ്രതികളിൽ നിന്ന് 54 ലക്ഷം രൂപ നേരത്തേ കണ്ടെടുത്തിരുന്നതായാണു റിപ്പോർട്ട്.