കച്ചത്തീവ്
കച്ചത്തീവ് 
India

കച്ചത്തീവ്: വിവാദം വിടാതെ ബിജെപി, തണുത്ത പ്രതികരണവുമായി ഡിഎംകെ

ന്യൂഡൽഹി: രാമേശ്വരത്തിനു സമീപത്തെ ചെറു ദ്വീപായ കച്ചത്തീവ് ശ്രീലങ്കയ്ക്കു കൈമാറിയതു സംബന്ധിച്ച വിവാദത്തിൽ ഡിഎംകെ- കോൺഗ്രസ് സഖ്യത്തിനെതിരേ ആക്രമണം ശക്തമാക്കി ബിജെപി. ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങൾ കോൺഗ്രസിന്‍റെ പ്രധാനമന്ത്രിമാരുടെ പരിഗണനാ വിഷയമായിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആരോപിച്ചു. നിയമോപദേശങ്ങൾ പോലും പരിഗണിക്കാതെയാണ് പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും കച്ചത്തീവിന്‍റെ കാര്യത്തിൽ നിസംഗ സമീപനം പുലർത്തിയതെന്നും അദ്ദേഹം.

1974ൽ ഇന്ദിരഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണു കച്ചത്തീവ് ശ്രീലങ്കയ്ക്കു കൈമാറിയത്. അന്നു തമിഴ്നാട് മുഖ്യമന്ത്രിയായ എം. കരുണാനിധിയും കൂടി അറിഞ്ഞാണ് കൈമാറ്റം നടന്നതെന്നു തെളിയിക്കുന്ന വിവരാവകാശ രേഖകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുറത്തുവിട്ടിരുന്നു. കച്ചത്തീവിനു സമീപമെത്തുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നിരന്തരം ശ്രീലങ്കൻ നാവികസേന പിടികൂടുന്നത് ഇരുരാജ്യങ്ങളിലും നയതന്ത്ര തർക്കങ്ങൾക്കു കാരണമായിരിക്കെയാണ് തമിഴ്നാടിന്‍റെ കിഴക്കൻ തീരത്ത് ഏറെ വൈകാരികമായ വിഷയം അണ്ണാമലൈ ഉയർത്തിയത്. ദ്വീപ് തിരിച്ചുപിടിക്കണമെന്നു ഡിഎംകെയും അണ്ണാഡിഎംകെയും ആവശ്യപ്പെട്ടിരുന്നു.

കച്ചത്തീവ് വിട്ടുകൊടുത്ത അതേ പാർട്ടികൾ തന്നെയാണ് ഇപ്പോൾ മത്സ്യത്തൊഴിലാളികളുടെ സംരക്ഷകരാകാൻ ശ്രമിക്കുന്നതെന്ന് ജയശങ്കർ പറഞ്ഞു. 20 വർഷത്തിനിടെ 6184 മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക പിടികൂടി. 1175 വള്ളങ്ങൾ പിടിച്ചെടുത്തു. തൊഴിലാളികളെ വിട്ടയയ്ക്കാൻ മോദി സർക്കാർ നടപടികൾ സ്വീകരിച്ചു. ശ്രീലങ്കൻ സർക്കാരുമായി ചേർന്ന് ശാശ്വത പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ്. ആറു ലക്ഷം ശ്രീലങ്കൻ അഭയാർഥികളെ തിരിച്ചയയ്ക്കാനായത് കച്ചത്തീവ് വിട്ടുകൊടുത്തുകൊണ്ടുള്ള ഉടമ്പടി മൂലമാണെന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്‍റെ വാദം തള്ളിയ ജയശങ്കർ കരാർ വിവരങ്ങൾ പരസ്യമാണെന്നും അതിൽ അങ്ങനെയൊരു നിബന്ധനയില്ലെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയം ഉയർത്തിയിരുന്നു.

വിവാദം രൂക്ഷമായപ്പോൾ മൗനം പാലിച്ച ഡിഎംകെ രംഗത്തെത്തിയെങ്കിലും കച്ചത്തീവിനെക്കുറിച്ചു മൗനം പാലിച്ചുകൊണ്ടാണു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പു വന്നപ്പോഴാണ് പ്രധാനമന്ത്രിക്ക് മത്സ്യത്തൊഴിലാളികളോട് സ്നേഹമുണ്ടായതെന്നു പറഞ്ഞ സ്റ്റാലിൻ തമിഴ്നാടിന് നികുതി വിഹിതം നൽകുന്നതിൽ വിവേചനമുണ്ടെന്നും പ്രളയ ദുരിതാശ്വാസം നൽകിയില്ലെന്നുമുൾപ്പെടെ ആരോപണങ്ങളാണ് ഉന്നയിച്ചത്.

എന്നാൽ, കച്ചത്തീവ് നഷ്ടമാക്കിയവർക്ക് ഒരുകാലത്തും മാപ്പില്ലെന്ന് പിഎംകെ സ്ഥാപകൻ എസ്. രാംദാസ് പറഞ്ഞു. കച്ചത്തീവിനെക്കുറിച്ചല്ല, ചൈനയുടെ അതിക്രമങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രി പറയേണ്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പ്രതികരിച്ചു.

വകുപ്പു തല നടപടി തീരുംവരെ താൽക്കാലിക പെന്‍ഷന്‍ മാത്രം

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം; 17 കാരനെ കാണാതായി

ഹേമന്ത് സോറന് തിരിച്ചടി; ജാമ്യ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി

മുതലപ്പൊഴി; സർക്കാർ റിപ്പോർട്ട് തള്ളി സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ

മഞ്ഞപ്പിത്തം പടരുന്നു: ജല അഥോറിറ്റി പ്രതിക്കൂട്ടിൽ