ബാബുഭായ് പ്രജാപതി

 
India

20 രൂപ കോഴക്കേസിൽ 30 വർഷം നിയമനടപടി; കുറ്റവിമുക്തനാക്കപ്പെട്ടതിന് പിറ്റേന്ന് മരണം

അഹമ്മദാബാദിലെ വെജൽപുരിൽ കോൺസ്റ്റബിളായിരിക്കെ 1996ലാണ് അഴിമതി നിരോധന നിയമപ്രകാരം പ്രതിക്കെതിരേ 20 രൂപ കൈക്കൂലി കേസ് രജിസ്റ്റർ ചെയ്യുന്നത്

Namitha Mohanan

അഹമ്മദാബാദ്: ഇരുപതു രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ 30 വർഷം നിയമനടപടി. ഒടുവിൽ കുറ്റവിമുക്തനായതിന്‍റെ പിറ്റേന്നു മരണം. ഗുജറാത്തിൽ പൊലീസ് കോൺസ്റ്റബിളായിരുന്ന ബാബുഭായ് പ്രജാപതിക്കാണു ജീവിതത്തിന്‍റെ നല്ലകാലം കള്ളക്കേസും ഇഴഞ്ഞുനീങ്ങുന്ന നിയമനടപടികളുമെല്ലാം ചേർന്നു ദുരിതപൂർണമാക്കിയത്. കൈക്കൂലിക്കേസിൽ കുടുക്കിയതോടെ ശമ്പളവും പ്രൊമോഷനും ആനുകൂല്യങ്ങളുമെല്ലാം തടഞ്ഞുവയ്ക്കപ്പെട്ടു.

അഹമ്മദാബാദിലെ വെജൽപുരിൽ കോൺസ്റ്റബിളായി ജോലി ചെയ്യവെ 1996ലാണ് അഴിമതി നിരോധന നിയമപ്രകാരം പ്രജാപതിക്കെതിരേ 20 രൂപ കൈക്കൂലി വാങ്ങിയെന്ന കേസ് രജിസ്റ്റർ ചെയ്യുന്നത്. തൊട്ടടുത്ത വർഷം കുറ്റപത്രം നൽകി. 2002ൽ കോടതി കുറ്റംചാർത്തി. സാക്ഷി വിസ്താരം പൂർത്തിയാക്കി സെഷൻസ് കോടതി പ്രജാപതിയെ കുറ്റക്കാരനെന്നു വിധിച്ചപ്പോഴേക്കും വർഷം 2004 ആയിരുന്നു.

നാലു വർഷം തടവായിരുന്നു ശിക്ഷ. ഇതോടെ, പ്രൊമോഷനടക്കം ആനുകൂല്യങ്ങളെല്ലാം തടഞ്ഞു. എന്നാൽ, വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല പ്രജാപതി. 2004ൽ ഹൈക്കോടതിയെ സമീപിച്ചു. സാക്ഷിമൊഴികളിലെ വൈരുധ്യവും നടപടിക്രമങ്ങളിലെ വീഴ്ചയുമെല്ലാം ചൂണ്ടിക്കാട്ടി അഭിഭാഷകൻ നിതിൻ ഗാന്ധി വാദിച്ചപ്പോൾ ഹൈക്കോടതി കേസ് പരിഗണിച്ചു. എന്നാൽ, പിന്നീടുള്ള 22 വർഷം കേസ് ഗുജറാത്ത് ഹൈക്കോടതിയിൽ കെട്ടിക്കിടന്നു. ഒടുവിൽ കഴിഞ്ഞ നാലിന് പ്രജാപതിയെ വെറുതേവിട്ടു. കോടതിയിൽ നിന്നു തലയുയർത്തി അഭിഭാഷകന്‍റെ ഓഫിസിലെത്തിയ പ്രജാപതിയോട് ഇനി ആനുകൂല്യങ്ങൾ തിരികെക്കിട്ടാൻ അപേക്ഷിക്കണമെന്നു നിതിൻ ഗാന്ധി പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു- സർ, എന്‍റെ ജീവിതത്തിലെ കളങ്കം മായ്ച്ചുകഴഞ്ഞു. ഇനി നല്ലത് ദൈവം വിളിക്കുന്നതാണ്. വാക്കുകൾ അറംപറ്റിയതുപോലെ പിറ്റേന്നു രാവിലെ അദ്ദേഹം മരിച്ചെന്ന് നിതിൻ ഗാന്ധി.

ട്രക്ക് ഡ്രൈവർമാരിൽ നിന്നു കൈക്കൂലി വാങ്ങുന്നുവെന്നപേരിൽ അഴിമതി വിരുദ്ധ ബ്യൂറോ ഒരുക്കിയ കെണിയാണ് പ്രജാപതി ഉൾപ്പെടെ മൂന്നു കോൺസ്റ്റബിൾമാരെ കുടുക്കിയതെന്നു നിതിൻ ഗാന്ധി. മൂവരും 2004ൽ ശിക്ഷിക്കപ്പെട്ടു. ബാബുഭായ് പ്രജാപതിക്കൊപ്പം മറ്റു രണ്ടുപേരും കുറ്റവിമുക്തരായി. എന്നാൽ, വൈകിയെത്തുന്ന നീതി, നീതി നിഷേധത്തിനു തുല്യമെന്നതിന്‍റെ ഓർമപ്പെടുത്തലായി പ്രജാപതിയുടെ മരണം.

സ്വർണവില താഴേക്ക്; യുദ്ധം രൂക്ഷമായാൽ ഇനിയുമിടിയും

പാർലമെന്‍റ് മാർച്ച് വരെ ഏത് വിധേനയും ജീവനോടെയിരിക്കും, മരിച്ചാൽ പ്രേതമായി വരും; വാങ്ചുക്ക്

കപ്പൽ നിർമാണത്തിന് കേരളത്തിൽ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന മുഖ‍്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്

''സ്മൃതി മന്ഥനയ്ക്ക് നേരത്തെ ക‍്യാപ്റ്റൻ സ്ഥാനം നൽകേണ്ടതായിരുന്നു''; ഇന്ത‍്യൻ വനിതാ ടീമിൽ നേതൃമാറ്റം അനിവാര‍്യമെന്ന് മിതാലി രാജ്

പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണ്; അമ്മയിലെ അംഗങ്ങൾക്ക് ശ്വേത മേനോന്‍റെ കത്ത്