ഭോജ്ശാല കമാൽ മൗല മസ്ജിദിൽ വസന്ത് പഞ്ചമിദിനത്തിൽ സരസ്വതി പൂജയും ജുമുഅയും
ന്യൂഡൽഹി: മധ്യപ്രദേശിലെ ധറിലെ ഭോജ് ശാല-കമാൽ മൗല കോംപ്ലക്സിൽ സരസ്വതി പൂജയും വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരവും സമാധാനപരമായി നടത്താൻ സുപ്രീംകോടതിയുടെ അനുമതി. ജനുവരി 23ന് വസന്ത് പഞ്ചമിയുടെ പകൽ നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് അനുമതി തേടി ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് സമർപ്പിച്ച അപേക്ഷയിലാണ് ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദേശം നൽകിയത്. മുസ്ലീങ്ങൾക്ക് ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നുമണി വരെ വെള്ളിയാഴ്ച പ്രാർത്ഥന നടത്താം.
നമസ്കാരത്തിന് വരുന്ന മുസ്ലീം സമൂഹത്തിലെ വ്യക്തികളുടെ ലിസ്റ്റ് ജില്ലാഭരണക്കൂടത്തിന് നൽകണമെന്നും കോടതി നിർദേശിച്ചു.
ഇരുപക്ഷവും പരസ്പര ബഹുമാനം പാലിക്കണമെന്നും ക്രമസമാധാനം നിലനിർത്താൻ സംസ്ഥാന-ജില്ല ഭരണക്കൂടങ്ങളുമായി സഹകരിക്കണമെന്നും ബെഞ്ച് അഭ്യർഥിച്ചു. ഇന്ത്യൻ പുരാവസ്തു സർവേയുടെ സംരക്ഷണത്തിലുള്ള 11ആം നൂറ്റാണ്ടിലെ സ്മാരകമായ ഭോജ് ശാലയെ ഹിന്ദുക്കളും മുസ്ലീങ്ങളും വ്യത്യസ്തമായിട്ടാണ് കണക്കാക്കുന്നത്. ഹിന്ദുക്കൾ ഇതിനെ സരസ്വതി ദേവിക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമായി കണക്കാക്കുന്നു. മുസ്ലീങ്ങൾ ഇതിനെ കമാൽ മൗല പള്ളിയായും കണക്കാക്കുന്നു.2003 ലെ കരാർപ്രകാരം ഭോജ്ശാല കോംപ്ലക്സിൽ ഹിന്ദുക്കൾ ചൊവ്വാഴ്ചകളിലാണ് പൂജ നടത്തുന്നത്. വെള്ളിയാഴ്ചകളിൽ മുസ്ലീങ്ങൾ നമസ്കാരം നിർവഹിക്കുന്നു.