യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനം: ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി
ദുബായ്: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് നൽകിയ ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിധി ചോദ്യം ചെയ്തുകൊണ്ട് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി നിരാകരിച്ചു.
പുതിയ ടെൻഡർ പൂർത്തിയാകുന്നതുവരെ താത്കാലിക സംവിധാനം ഏർപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയത്തിന് കോടതി അനുമതി നൽകിയിട്ടുണ്ട്. ഇത് പ്രകാരം പ്രവാസികൾക്കുള്ള സേവനങ്ങളിൽ തടസമുണ്ടാകാതിരിക്കാൻ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനോട് മൂന്ന് മാസത്തേക്ക് ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ നൽകാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
സാങ്കേതിക മൂല്യനിർണയ പ്രക്രിയയിൽ സുതാര്യതയും വ്യക്തതയും കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് അൽഹിന്ദ് കമ്പനിക്ക് നൽകിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെയാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
യുഎഇയിലെ ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ സേവനങ്ങൾ തടസമില്ലാതെ ലഭ്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻ കരാറുകളുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് നിലവിൽ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ടാണ് അപേക്ഷകൾ സ്വീകരിച്ചു വരുന്നത്. സുപ്രീം കോടതിയുടെ ഉത്തരവോടെ പുതിയ സേവനദാതാവിനെ കണ്ടെത്താനുള്ള ടെൻഡർ നടപടികൾ അധികൃതർ വേഗത്തിലാക്കും.