സിദ്ധരാമയ്യ
ബംഗളൂരു: കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറില്ലെന്ന് സൂചിപ്പിച്ച് സിദ്ധരാമയ്യ. പതിനേഴാമത്തെ ബജറ്റും അടുത്ത വർഷം താൻ അവതരിപ്പിക്കുമെന്നാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന സിദ്ധരാമയ്യ കഴിഞ്ഞ തവണ പതിനാറാമത്തെ ബജറ്റാണ് അവതരിപ്പിച്ചത്. ബുധനാഴ്ച എൽ ജി ഹവനൂർ സുവർണജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാനാദ്യമായി ധനമന്ത്രിയായപ്പോൾ മാധ്യമങ്ങൾ എഴുതി നൂറ് ആടുകളുടെ എണ്ണമെടുക്കാൻ അറിയാത്ത ഈ സിദ്ധരാമയ്യ എങ്ങനെ കർണാടകയുടെ ധനകാര്യമന്ത്രിയായി പ്രവർത്തിക്കുമെന്ന്. ഞാനാ വെല്ലുവിളി ഏറ്റെടുത്തു. 16 ബജറ്റുകളാണിപ്പോൾ ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. ഇനി പതിനേഴാം ബജറ്റ് അവതരിപ്പിക്കാൻ പോകുന്നു. എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.
വലിയ കരഘോഷത്തോടെയാണ് അനുയായികൾ സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ വരവേറ്റത്. അടുത്ത വർഷം മാർച്ചിൽ അവതരിപ്പിക്കുന്ന ബജറ്റിന്‍റെ നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസ് സർക്കാർ പാതി കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിൽ നേതൃമാറ്റത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കേറ്റ തിരിച്ചടിയാണ് പുതിയ പ്രസ്താവന.