സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷൻ വോട്ടർ പട്ടികയിൽ നടത്തുന്ന പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്ഐആർ) എതിരേ ചീഫ് ജസ്റ്റിസിനു കത്തയച്ച് പ്രതിപക്ഷം. 23 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളും സ്വതന്ത്ര എംപി കപിൽ സിബലുമാണ് എസ്ഐആറിൽ വീഴ്ചകളുണ്ടായെന്നും കോടിക്കണക്കാനാളുകളുടെ വോട്ട് നഷ്ടമായെന്നും ആരോപിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തു നൽകിയത്. "ഇന്ത്യ' സഖ്യത്തിൽ നിന്ന് വിട്ടുനിൽക്കുന്ന എഎപിയും ഡിഎംകെയും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. കർണാടകയും ഡൽഹിയുമടക്കം അഞ്ചു സംസ്ഥാനങ്ങളിൽ എസ്ഐആറിന് തുടക്കമിട്ടതിനു പിന്നാലെയാണു പ്രതിപക്ഷത്തിന്‍റെ സംയുക്ത നീക്കം.
എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. പ്രതിപക്ഷ കക്ഷികൾ ഐക്യദാർഢ്യം, ഐക്യം, പ്രതിരോധം എന്ന മുദ്രവാക്യത്തിന് കീഴിൽ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം.
കഴിഞ്ഞ എട്ടിനു ചേർന്ന "ഇന്ത്യ' സഖ്യം യോഗത്തിലെ ധാരണപ്രകാരമാണു കത്ത്. രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ചീഫ് ജസ്‌റ്റിസിന്‍റെ ശ്രദ്ധയിൽക്കൊണ്ടുവരികയാണ് ഉദ്ദേശ്യമെന്നു ജയ്റാം രമേശ് പറയുന്നു.
അതേസമയം, എസ്ഐആറിനെതിരേ പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജികൾ തള്ളിയ സുപ്രീം കോടതി ഈ നടപടിയുടെ ഭരണഘടനാ സാധുത ശരിവച്ചിരുന്നു. എസ്‌ഐആർ പ്രക്രിയ ഭരണാഘടനാ തത്വങ്ങളെയോ നിയമങ്ങളെയോ ലംഘിക്കുന്നില്ലെന്നാണു ചീഫ് ജസ്‌റ്റിസ് സൂര്യകാന്തും ജസ്‌റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. പതിവ് പുനഃപരിശോധനയ്ക്കായി പരിഗണിക്കുന്ന സാധാരണ രീതികളുമായി എല്ലാ കാര്യങ്ങളിലും പൊരുത്തപ്പെടാത്തതിനാൽ മാത്രം ഈ നടപടിക്രമം അസാധുവാക്കാൻ കഴിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.