രാജ്യവ്യാപക എസ്ഐആർ; ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ച പ്രഖ്യാപിക്കും
ന്യൂഡൽഹി: രാജ്യവ്യാപകമായി വോട്ടർ പട്ടികയിൽ നടത്തുന്ന പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ)യുടെ ആദ്യ ഘട്ടം തിങ്കളാഴ്ച തെരഞ്ഞടുപ്പു കമ്മിഷൻ പ്രഖ്യാപിക്കും. ഇതിനായി കമ്മിഷൻ തിങ്കളാഴ്ച വൈകിട്ട് മാധ്യമങ്ങളെ കാണും. 10-15 സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ എസ്ഐആർ നടത്തുക. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി സംസ്ഥാനങ്ങൾ ഈ ഘട്ടത്തിൽ ഉൾപ്പെട്ടേക്കും.
തമിഴ്നാട്ടിൽ അടുത്തയാഴ്ച എസ്ഐആർ നടപടികൾക്കു തുടക്കമിടുമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു കമ്മിഷന്‍റെ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും തിരക്കിലാണ്. ഇതു പരിഗണിച്ച് ഈ സംസ്ഥാനങ്ങൾക്ക് സാവകാശം നൽകിയേക്കുമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപായി എസ്ഐആർ പൂർത്തിയാക്കും.