ധർമസ്ഥലയിൽ നിന്നും ലഭിച്ച അസ്ഥികൂടം മനുഷ്യന്‍റേത് തന്നെയെന്ന് സ്ഥിരീകരണം; പരിശോധന തുടരുന്നു

 
India

ധർമസ്ഥലയിൽ നിന്നും ലഭിച്ച അസ്ഥികൂടം മനുഷ്യന്‍റേതു തന്നെ; പരിശോധന തുടരുന്നു

സാക്ഷിയുടെ വെളിപ്പെടുത്തലനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ 8 പോയന്‍റുകൾ കൂടിയാണ് ഇനി പരിശോധിക്കാൻ ബാക്കിയുള്ളത്

ബംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ വിവാദ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധകൾക്കിടെ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ച അസ്ഥികൂടം മനുഷ്യന്‍റേതു തന്നെയെന്ന് സ്ഥിരീകരണം. പുരുഷന്‍റെ അസ്ഥികളാണെന്നു സംശയമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായി ഫൊറൻസിക് പരിശോധന തുടരുകയാണ്.

അസ്ഥികൾ പലയിടങ്ങളിലായി ചിതറക്കിടക്കുകയാണെന്നും സമയമെടുത്ത് പരിശോധന പൂർത്തിയാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

സാക്ഷി കാണിച്ചു കൊടുത്ത സ്ഥലങ്ങളിൽ മൂന്നാം ദിവസം നടത്തിയ തെരച്ചിലിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ആറ് എന്നു മാർക്ക് ചെയ്ത ഭാഗത്ത് രണ്ടടി താഴ്ചയിലായിരുന്നു അസ്ഥികൂടം ഉണ്ടായിരുന്നത്. സാക്ഷിയുടെ വെളിപ്പെടുത്തലനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ 8 പോയന്‍റുകൾ കൂടിയാണ് ഇനി പരിശോധിക്കാൻ ബാക്കിയുള്ളത്.

ഇതിൽ ഇനി മൂന്നെണ്ണം കാടിനുള്ളിൽ തന്നെയാണ്. നാല് പോയന്‍റുകൾ നേത്രാവതി നദിയോട് ചേർന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്നാനഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്. കന്യാടിയിൽലെ സ്വകാര്യ ഭൂമിയിൽ 2 പോയിന്‍റുകളുണ്ടെങ്കിലും അവിടെ കുഴിച്ച് പരിശോധിക്കാൻ എസ്ഐടിക്ക് പ്രത്യേക അനുമതി വേണ്ടിവരും.

വെളിപ്പെടുത്തൽ ഇങ്ങനെ...

1995നും 2014നും ഇടയിൽ താൻ ധർമസ്ഥലം ക്ഷേത്രം ശുചീകരണ തൊഴിലാളിയായി ജോലിചെയ്തിരുന്നു. ആ സമയത്ത് പ്രദേശത്ത് സ്ത്രീകളുടെയും കുട്ടികളുടെതുമായി നിരവധി മൃതദേഹങ്ങൾ കിടപ്പുണ്ടായിരുന്നു. ഇതു കണ്ട് ഭയം തോന്നിയ താൻ സൂപ്പർ വൈസറെ വിവരം അറിയിച്ചെങ്കിലും മറവു ചെയ്യാനാണ് അദ്ദേഹം പറഞ്ഞത്. അതിനു വിസമ്മതിച്ച താൻ പൊലീസിൽ വിവരമറിയിക്കുമെന്നു പറഞ്ഞതോടെ അയാൾ ക്രൂരമായി മർദിച്ചു. കുടുംബത്തോടെ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ താൻ പേടിച്ച് വഴങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങളിൽ ഏറ്റവും വേദനിപ്പിച്ചത് ഒരു 12 -15 നും ഇടയിൽ പ്രായമുള്ള കുട്ടിയെ കണ്ടപ്പോഴാണ്. അവൾ സ്കൂൾ യൂണിഫോമിലായിരുന്നു. ബാഗും ഒപ്പമുണ്ടായിരുന്നു. അവൾക്ക് പാവാടയും അടിവസ്ത്രവും ഉണ്ടായിരുന്നില്ല. അതിക്രൂരമായ പാടുകൾ ശരീരത്തിലുണ്ടായിരുന്നു. മറ്റൊരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് കരിച്ച നിലയിലായിരുന്നു. ധര്‍മസ്ഥല പ്രദേശത്ത് വീടില്ലാത്തവരെയും യാചകരെയും കൊലപ്പെടുത്തിയതിന് താൻ സാക്ഷിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് 2014 ൽ തന്‍റെ കുടുംബത്തിലെ പ്രായപൂർ‌ത്തിയാവാത്ത പെൺകുട്ടിയെ സൂപ്പർ വൈസറുടെ അറിവോടെ ഒരാൾ പീഡിപ്പിച്ചു. ഇതോടെ താനും കുടുംബവും ഭയന്ന് നാടുവിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾ ധർമസ്ഥല ക്ഷേത്രവുമായി ബന്ധമുള്ളവരാണ്. അവർ വളരെ സ്വാധീനമുള്ളവരാണ്. അവരെ എതിര്‍ക്കുന്നവരെ അവര്‍ കൊലപ്പെടുത്തും. തനിക്കും കുടുംബത്തിനും സംരക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ പേരുകളും അവരുടെ പങ്കും വെളിപ്പെടുത്താന്‍ താൻ തയ്യാറാണെന്നും നുണപരിശോധനയ്ക്ക് വിധേയനാവാമെന്നും അദ്ദേഹം അറിയിച്ചു. തന്‍റെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നും കുടുംബത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ