സോനം വാങ്ചുക്ക്
ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റി.
ന‍്യൂഡൽഹിയിലെ ജന്തർ മന്തറിലെ സമരവേദിയിൽ രാവിലെയോടെയാണ് സംഭവം. സമരവേദിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. സംഭവസ്ഥലത്ത് പൊലീസിനെയും വിന‍്യസിച്ചിട്ടുണ്ട്. കോക്റോച്ച് ജനതാ പാർട്ടി പ്രവർത്തകരെ ഒഴിപ്പിക്കാനാണ് പൊലീസിന്‍റെ നീക്കം.
ഡൽഹി ഹൈക്കോടതിയുടെയും ആരോഗ‍്യ വിദഗ്ധരുടെയും നിർദേശത്തെത്തുടർന്നാണ് നടപടിയെന്ന് പൊലീസ് വ‍്യക്തമാക്കി. പ്രതിഷേധക്കാർ എത്രയും പെട്ടെന്ന് സ്ഥലം ഒഴിയണമെന്നാണ് പൊലീസ് സമൂഹമാധ‍്യമങ്ങളിലൂടെ ആവശ‍്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ ആവശ‍്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരത്തിൽ നിന്നും പിന്മാറില്ലെന്നന് നേരത്തെ സോനം വാങ്ചുക്ക് പറഞ്ഞിരുന്നു.
ജൂലൈ 20ന് പാർലമെന്‍റിലേക്ക് സിജെപി നടത്താനിരിക്കുന്ന മാർച്ചിലും അദ്ദേഹം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയും മറ്റു പാർട്ടികളും സോനം വാങ്ചുക്കിന് പരസ‍്യമായി പിന്തുണ നൽകിയിരുന്നു. വാങ്ചുക്കിന് അടിയന്തര വൈദ‍്യസഹായം നൽകണമെന്നും ആരോഗ‍്യസ്ഥിതി നിരീക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഡൽഹി ഹൈക്കോടതി നിർദേശവും നൽകിയിരുന്നു.