സോണിയ ഗാന്ധി
ന്യൂഡൽഹി: ജവഹർലാൽ നെഹ്റുവിനെതിരേ ബിജെപി നടത്തുന്ന പ്രചാരണങ്ങൾക്കെതിരേ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. നെഹ്റുവിനെ അപകീർത്തിപ്പെടുത്താനും വളച്ചൊടിക്കാനും താഴ്ത്തിക്കെട്ടാനുമാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നത്. നെഹ്റുവിന്‍റെ സംഭാവനകളെ കുറിച്ചുള്ള വിശകലനവും വിമർശനവും സ്വാഗതാർഹമാണ്. ബിജെപിയുടെയും ആർഎസ്എസിന്‍റെയും പേര് പരാമർശിക്കാതെയായിരുന്നു സോണിയയുടെ വിമർശനം.
ബാബ്റി മസ്ജിദ് പണിയാൻ നെഹ്റു പൊതു ഖജനാവിലെ പണം ഉപയോഗിക്കാൻ ശ്രമിച്ചിരുന്നതായും, എന്നാൽ ഈ നീക്കത്തെ സർദാർ പട്ടേൽ തടഞ്ഞിരുന്നുവെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
കേന്ദ്രമന്ത്രിയുടെ ആരോപണം ശുദ്ധ നുണയാണ്. വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ഗാന്ധിജിയുടെ കൊലപാതകത്തിലേക്ക് നയിച്ച വെറുപ്പിന്‍റെ അന്തരീക്ഷം വളരെ കാലം മുൻപ് വിതച്ച പ്രത്യയശാസ്ത്രമാണ്. അദ്ദേഹത്തിന്‍റെ കൊലയാളികളെ ഇന്നും അവരുടെ അനുയായികൾ മഹത്വവൽക്കരിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.ജവഹർ ഭവനിൽ നടന്ന നെഹ്റു സെന്‍റർ ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.