Akhilesh Yadav, Priyanka Gandhi 
India

യുപിയിൽ കോൺഗ്രസിനു മത്സരിക്കാൻ 17 സീറ്റ് മാത്രം; എസ്‌പിയുമായി ധാരണ

കോൺഗ്രസ് ആവശ്യപ്പെട്ടത് 20 സീറ്റ്, സമാജ്‌വാദി പാർട്ടി കൊടുക്കാമെന്നു പറഞ്ഞത് 11. ധാരണയിലെത്തിച്ചത് പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ.

ന്യൂഡൽഹി: ഉത്തർ പ്രദേശിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിൽ സീറ്റ് വിഭജനകാര്യത്തിൽ ധാരണയായി. 17 സീറ്റിൽ മാത്രമാണ് കോൺഗ്രസ് മത്സരിക്കുക. എസ്‌പിയും ഇന്ത്യ മുന്നണിയിലെ മറ്റു ഘടകകക്ഷികളും ബാക്കി 63 സീറ്റിലും മത്സരിക്കും. ഈ ധാരണ അന്തിമമായതോടെ അഖിലേഷ് യാദവിന്‍റെ പാർട്ടി ഇന്ത്യ മുന്നണിയിൽ ഉണ്ടാകുമെന്നും ഉറപ്പായി.

സീറ്റ് വിഭജനം തീരുമാനമാക്കുന്നതിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് നിർണായക പങ്ക് വഹിച്ചതെന്ന് പാർട്ടിയുടെ യുപി ഇൻചാർജ് അവിനാശ് പാണ്ഡെ.

ഇന്ത്യയിലെ ജനങ്ങൾക്ക് ആവശ്യമുള്ള കാര്യമാണ് അഖിലേഷ് യാദവും മല്ലികാർജുൻ ഖാർഗെയും ചെയ്തിരിക്കുന്നതെന്ന് എസ്‌പി സംസ്ഥാന പ്രസിഡന്‍റ് നരേഷ് ഉത്തം പട്ടേൽ.

സീറ്റിന്‍റെ കാര്യത്തിൽ ധാരണയാകാതെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുമായി സഹകരിക്കില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയായിരുന്നു എസ്പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ്. ധാരണയായ സാഹചര്യത്തിൽ അഖിലേഷ് യാദവ് യാത്രയിൽ ചേരാനാണ് സാധ്യത.

നേരത്തെ 11 സീറ്റ് മാത്രമാണ് കോൺഗ്രസിനു സമാജ്‌വാദി പാർട്ടി വാഗ്ദാനം ചെയ്തിരുന്നത്. പിന്നീടു നടന്ന ചർച്ചകളിൽ ഇത് 17 ആയി ഉയർത്തുകയായിരുന്നു. ഇരുപത് സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്.

2019ലെ പൊതു തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി - ബഹുജൻ സമാജ് പാർട്ടി സഖ്യം അഞ്ച് സീറ്റിലാണ് ജയിച്ചത്. കോൺഗ്രസ് ജയിച്ചത് ഒരേയൊരു സീറ്റിലും- റായ് ബറേലിയിൽ സോണിയ ഗാന്ധിയിലൂടെ! അമേഠിയിൽ രാഹുൽ ഗാന്ധിയും ആ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.

2014ൽ സംസ്ഥാനത്ത് കോൺഗ്രസിന്‍റെ വോട്ട് വിഹിതം വെറും 7.47 ശതമാനമായിരുന്നു. 2019ൽ ഇത് വീണ്ടും കുറഞ്ഞ് 6.31 ശതമാനവുമായി. അതേസമയം, സമാജ്‌വാദി പാർട്ടിക്ക് 2014ൽ 22.18 ശതമാനം വോട്ടുണ്ടായിരുന്നു. 2019ൽ ഇത് 17.96 ശതമാനമായി കുറയുകയും ചെയ്തു.

ഉത്തർ പ്രദേശിൽ കോൺഗ്രസിന് അനുവദിച്ചിരിക്കുന്ന സീറ്റുകൾ:

  1. റായ് ബറേലി

  2. അമേഠി

  3. കാൺപുർ നഗർ

  4. ഫത്തേപ്പുർ സിക്രി

  5. ബാൻസ്ഗാവ്

  6. സഹാരൻപുർ

  7. പ്രയാഗ്‌രാജ്

  8. മഹാരാജ്ഗഞ്ജ്

  9. വാരാണസി

  10. അംറോഹ

  11. ഝാൻസി

  12. ബുലന്ദ്ശഹർ

  13. ഘാസിയാബാദ്

  14. മഥുര

  15. സീതാപുർ

  16. ബരാബങ്കി

  17. ദേവരിയ

പുരുഷന്മാരെ കടത്തി വെട്ടി വനിതാ ലോകകപ്പ് സമ്മാനത്തുക; വിജയികൾക്ക് 39.55 കോടി രൂപ

അഫ്ഗാനിസ്ഥാനിലെ ഭൂചലനം; മരണ സംഖ്യ 800 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

ഓണാവധിക്കു ശേഷം പരിഗണിക്കും; ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹർജിയിൽ ഹൈക്കോടതി

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി