ന്യൂഡൽഹി: ആർഎസ്എസ് റൂട്ട് മാർച്ചിന് അനുവാദം നൽകിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. റൂട്ട് മാർച്ചിന് അനുമതി നൽകിയ കോടതിവിധിയെ ശരിവെച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നടപടി.
റൂട്ട് മാർച്ചിന് മൂന്ന് തീയതികൾ നിർദ്ദേശിക്കാനും പൊലീസിന്‍റെ അനുമതിക്ക് അപേക്ഷിക്കാനുമായിരുന്നു ഹൈക്കോടതി നിർദേശിച്ചത്. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് പൊലീസിനോട് നിർദേശിച്ച ഹൈക്കോടതി ആരെയും പ്രകോപിപ്പിക്കാതെ മാർച്ച് സംഘടിപ്പിക്കണമെന്നും ആർഎസ്എസിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനവ്യാപകമായി റൂട്ട് മാർച്ച് സംഘടിപ്പിക്കാനുള്ള ആർഎസ്എസിന്‍റെ തീരുമാനം ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞിരുന്നു.