ഉമർ ഖാലിദിനും ഷർജിലിനും ജാമ്യം നിഷേധിച്ചതിനെതിരേ മുൻ ജഡ്ജിമാർ
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജെഎൻയു പൂർവവിദ്യാർഥികളായ ഉമർ ഖാലിദിനും, ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതി നടപടിയെ വിമർശിച്ച് മുൻ ജഡ്ജിമാർ. ജസ്റ്റിസ് മദൻ ബി ലോകൂർ, ജസ്റ്റിസ് സുധാംശു ധുലിയ എന്നിവരാണ് വിമർശനവുമായി രംഗത്തെത്തിയത്. ജാമ്യ നിഷേധം ദുഃഖകരമെന്ന് ജസ്റ്റിസ് ലോകൂർ പ്രതികരിച്ചു.
സുപ്രീംകോടതിയിൽ ഉമർ ഖാലിദിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നടത്തിയ ടോക്ക് ഷോയിൽ പങ്കെടുക്കവെയാണ് ഇരുവരുടെയും പ്രതികരണം. മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും ചർച്ചയിൽ പങ്കെടുത്തു.
2020 ലാണ് ഉമർ ഖാലിദും, ഷർജിൽ ഇമാമും അറസ്റ്റിലാകുന്നത്. എന്നാൽ ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 207 പ്രകാരം 3 വർഷത്തിന് ശേഷമാണ് അവർക്ക് പ്രോസിക്യൂഷൻ സാമഗ്രികൾ കൈമാറിയത്.
വിധി പൂർണമായും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമഗ്രികൾ കൈമാറുന്നതിലുണ്ടായ മൂന്നു വർഷത്തെ കാലതാമസത്തിന് അപ്പീലർമാർ എങ്ങനെ ഉത്തരവാദികളാകുമെന്നും അദ്ദേഹം ചോദിച്ചു.
ഇമാമിനും ഖാലിദിനും ഷർജിൽ ഇമാമിനും പുതിയ ജാമ്യാപേക്ഷയ്ക്ക് സുപ്രീംകോടതി ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതിന്‍റെ ആധികാരികതയെയും ജസ്റ്റിസ് ധൂലിയ ചോദ്യം ചെയ്തു.
ഈ ചട്ടം എവിടെ നിന്നാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു. ഇരുവർക്കുമെതിരേയുള്ളത് 3000 പേജുള്ള കുറ്റപത്രമാണെന്നും 30,000 ത്തിലധികം രേഖകളും വരുമെന്നും കപിൽ സിബൽ പറഞ്ഞു. ഇവർ ബോംബുകളോ സ്ഫോടനങ്ങളോ നടത്തിയിട്ടില്ല. പിന്നെന്താണ് കേസിന് ആധാരമെന്നും ദവെ ചോദിച്ചു.യഥാർത്ഥത്തിൽ കലാപത്തിലേക്ക് നയിച്ചത് ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളാണ്. ഈ വിദ്യാർഥികൾ കലാപം സൃഷ്ടിച്ചിട്ടില്ല. ജഡ്ജിമാർ കുട്ടികളുടെ ഭാവി നശിപ്പിച്ചു. 2020 ൽ അറസ്റ്റിലായ ഇവർ 5 വർഷമായി ജയിലിലാണ്.