ന്യൂഡൽഹി: ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബാലറ്റും നടപടിക്രമങ്ങളുടെ വിഡിയൊ ദൃശ്യങ്ങളുമുൾപ്പെടെ സൂക്ഷിച്ചു വയ്ക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. വരണാധികാരി ബാലറ്റിൽ ക്രമക്കേടു കാട്ടിയെന്ന ആരോപണം ഞെട്ടിക്കുന്നതാണെന്നും ജനാധിപത്യത്തെ പരിഹസിക്കുന്നതാണ് ഈ നടപടിയെന്നും പരമോന്നത കോടതി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന എഎപി കൗൺസിലറിന്റെ പരാതിയിലാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് വരണാധികാരി അനിൽ മാസിഹിനെതിരേ കടുത്ത വിമർശനം നടത്തിയത്. വരണാധികാരി ബാലറ്റിൽ ക്രമക്കേട് നടത്തുന്നത് നടപടിക്രമങ്ങളുടെ വിഡിയൊ ദൃശ്യത്തിൽ പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ജനാധിപത്യത്തെ ഇങ്ങനെ കൊലചെയ്യാൻ അനുവദിക്കില്ലെന്നും സുപ്രീം കോടതി.
ഫെബ്രുവരി ഏഴിന് നിശ്ചയിച്ചിരുന്ന മുനിസിപ്പൽ കോർപ്പറേഷൻ യോഗം മാറ്റിവയ്ക്കാനും കോടതി ഉത്തരവിട്ടു. വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന തങ്ങളുടെ അപേക്ഷയില്‍ ഇടക്കാല ഇളവ് അനുവദിക്കാന്‍ വിസമ്മതിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
ജനുവരി 30ന് നടന്ന ചമേയർ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എഎപി സഖ്യത്തിനെതിരേ ബിജെപി വിജയിച്ചിരുന്നു. 35 അംഗ കോർപ്പറേഷനിൽ 12നെതിരെ 16 വോട്ടുകള്‍ നേടി ബിജെപിയുടെ മനോജ് സോങ്കറാണു വിജയിച്ചത്. എട്ട് വോട്ടുകള്‍ അസാധുവായി. വോട്ടുകൾ അസാധുവാക്കിയത് ക്രമക്കേടാണെന്ന് എഎപിയും കോൺഗ്രസും ആരോപിച്ചിരുന്നു.