Hindu marriage not valid unless performed with requisite ceremonies 
India

''ആചാരപരമായ ചടങ്ങുകളോടെ നടക്കാത്ത ഹൈന്ദവ വിവാഹങ്ങൾക്ക് നിയമസാധുതയില്ല'', സുപ്രീം കോടതി

വിവാഹങ്ങള്‍ ആടാനും പാടാനും സ്ത്രീധനം കൈമാറാനും പിന്നീട് ക്രമിനല്‍ നടപടികളുടെ ഭാഗമായ സമ്മര്‍ദങ്ങളിലേക്ക് നയിക്കാനുമുള്ളതല്ല

ന്യൂഡൽഹി: ശരിയായ വിധത്തിലുള്ള ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങൾക്ക് നിയമ സാധുതയില്ലെന്ന് സുപ്രീം കോടതി. ഹൈന്ദവ വിവാഹങ്ങൾ സംഗീതവും നൃത്തവും ഭക്ഷണവുമടങ്ങുന്ന പരിപാടി മാത്രമല്ല, മറിച്ച് ശരിയായ ആചാരാനുഷ്ടാനങ്ങളടങ്ങുന്ന ചടങ്ങുകളോടു കൂടിയതാണ്. അത്തരത്തിൽ നടക്കാത്ത വിവാഹങ്ങൾ ഹിന്ദു മാര്യേജ് ആക്‌ടിന്‍റെ പരിധിയിൽ ഉൾപ്പെടുത്തില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഹൈന്ദവ വിവാഹങ്ങള്‍ ഒരു സംസ്‌കാരത്തിന്‍റെ ഭാഗമാണ്. വിശുദ്ധ കര്‍മമാണ്. ഇന്ത്യന്‍ സമൂഹത്തില്‍ വലിയ മൂല്യമുള്ള ഒരു സ്ഥാപനമെന്ന നിലയില്‍ അതിന്‍റെ പദവി നൽകേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

വിവാഹങ്ങള്‍ ആടാനും പാടാനും മാത്രമുള്ളതല്ല; സ്ത്രീധനം ആവശ്യപ്പെടാനും കൈമാറാനും മാത്രമുള്ളതല്ല; പിന്നീട് ക്രമിനല്‍ നടപടികളുടെ ഭാഗമായ സമ്മര്‍ദങ്ങളിലേക്ക് നയിക്കാനുള്ളതുമല്ലെന്നും, അത് മഹത്തായ ഒന്നാണെന്നും കോടതി വ്യക്തമാക്കി. ഒരു സ്ത്രീയും പുരുഷനും ഭര്‍ത്താവും ഭാര്യയുമായി മാറി ഇന്ത്യന്‍ സമൂഹത്തിന്‍റെ അടിസ്ഥാനഘടകമായ കുടുംബമായി ഭാവിയിൽ പരിണമിക്കുന്ന പ്രക്രിയയാണ് വിവാഹമെന്നും ബെഞ്ച് പരാമർശിച്ചു.

പൈലറ്റുമാരായ ദമ്പതിമാരുടെ വിവാഹമോചന ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. സാധുവായ ഹൈന്ദവ വിവാഹ ചടങ്ങുകള്‍ നടത്താതെ വിവാഹം കഴിച്ച ഇവർ പിന്നീട് വിവാഹമോചനത്തിന് ഹർജി നൽകുകയായിരുന്നു.

വിവാഹജീവിതത്തിലേക്ക് കടക്കുന്നതിനു മുന്‍പ് വിവാഹം എന്ന സാമൂഹിക സ്ഥാപനത്തെക്കുറിച്ചും ഇന്ത്യൻ സമൂഹത്തിൽ അത് എത്രത്തോളം പവിത്രമായ ഒന്നാണെന്ന കാര്യത്തെക്കുറിച്ചും ആഴത്തിൽ ചിന്തിക്കണമെന്നും കോടതി പറഞ്ഞു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ