രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിൽ ദുരുപയോഗം; ഇഡിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷം വിമർശനം
ന്യൂഡൽഹി: രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിൽ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് (ഇഡി) സുപ്രീം കോടതിയിൽ നിന്ന് രൂക്ഷം വിമർശനം. മുഡ ഭൂമി തട്ടിപ്പ് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയ്ക്കും കർണാടക മന്ത്രിക്കും നൽകിയ സമൻസ് റദ്ദാക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരേ നൽകിയ അപ്പീലിലായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.
ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. "ദയവായി ഞങ്ങളെക്കൊണ്ട് വായ തുറപ്പിക്കരുത്. അല്ലാത്തപക്ഷം, ഇഡിയെക്കുറിച്ച് ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. നിര്‍ഭാഗ്യവശാല്‍, എനിക്ക് മഹാരാഷ്ട്രയില്‍ ചില അനുഭവങ്ങളുണ്ട്. നിങ്ങള്‍ ഈ അതിക്രമം രാജ്യത്തുടനീളം വ്യാപിപ്പിക്കരുത്.
രാഷ്ട്രീയ പോരാട്ടങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ നടക്കട്ടെ. എന്തിനാണ് നിങ്ങളെ അതിന് ഉപയോഗിക്കുന്നത്" ചീഫ് ജസ്റ്റിസ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനോടായി പറഞ്ഞു. ഇഡിയുടെ അപ്പീല്‍ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.
കക്ഷികള്‍ക്ക് ഉപദേശം നല്‍കിയതിന് അഭിഭാഷകര്‍ക്ക് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ടുള്ള സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലും സുപ്രീം കോടതി ഇഡിയെ രൂക്ഷമായി വിമര്‍ശിച്ചു. സീനിയര്‍ അഭിഭാഷകരായ അരവിന്ദ് ദതാര്‍, പ്രതാപ് വേണുഗോപാല്‍ എന്നിവര്‍ക്കാണ് ഇഡി നോട്ടീസയച്ചത്.