കേരള ഗവർണർക്ക് സുപ്രീംകോടതിയുടെ വിമർശനം
ന്യൂഡൽഹി : ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ ചാൻസലർ കൂടിയായ കേരള ഗവർണർക്ക് സുപ്രീംകോടതിയുടെ വിമർശനം. വിസി നിയമനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സുധാൻഷു ദുലിയ നൽകിയ ശുപാർശയിൽ അടിയന്തര തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ് ദുലിയ നൽകിയത് വെറും കടലാസ് കഷ്ണം അല്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
ജസ്റ്റിസുമാരായ ജെ.ഡി പാർഡിവാല, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്.
ഡിജിറ്റൽ-സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട പാനൽ ജസ്റ്റിസ് സുധാൻഷു ദുലിയ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഈ പാനൽ മുഖ്യമന്ത്രി ചാൻസലർ കൂടിയായ ഗവർണർക്ക് കൈമാറി. എന്നാൽ ഇതിൽ ഗവർണർ തീരുമാനമെടുക്കില്ലെന്ന് കേരള സർക്കാരിന് വേണ്ടി ഹാജരായ സിനിയർ അഭിഭാഷകൻ ജയ് ദീപ് ഗുപ്ത, സ്റ്റാൻഡിങ് കോൺസൽ സി.കെ.ശശി, അഭിഭാഷക മീന.കെ.പൗലോസ് എന്നിവർ കോടതിയെ അറിയിച്ചു.
അതേസമയം ചില റിപ്പോർട്ടുകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ട് നൽകിയിട്ടില്ലെന്ന് ചാൻസലർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വെങ്കിട സുബ്രഹ്മണി കോടതിയിൽ ആരോപിച്ചു.എന്നാൽ ചാൻസലർ ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയിട്ടിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ ധരിപ്പിച്ചു