മെറ്റ മൂന്നു ദിവസത്തിനുള്ളിൽ മാപ്പു പറയണം: അന്ത്യശാസനവുമായി പാർലമെന്‍ററി സമിതി

 
India

മെറ്റ മൂന്നു ദിവസത്തിനുള്ളിൽ മാപ്പു പറയണം: അന്ത്യശാസനവുമായി പാർലമെന്‍ററി സമിതി

മോദിയുടെ വീഡിയോ ഫേസ് ബുക്കിൽ നിന്നു നീക്കം ചെയ്ത സംഭവത്തിലാണ് മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് മൂന്നു ദിവസത്തിനുള്ളിൽ മാപ്പ് പറയണമെന്ന് പാർലമെന്‍ററി സമിതിയുടെ അന്ത്യശാസനം

Reena Varghese

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് മൂന്നു ദിവസത്തിനുള്ളിൽ മാപ്പ് പറയണമെന്ന് പാർലമെന്‍ററി സമിതിയുടെ അന്ത്യശാസനം. സുക്കർബർഗ് മാപ്പ് പറയണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും പാർലമെന്‍ററി ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ സമയപരിധിക്കകം മാപ്പു പറഞ്ഞില്ലെങ്കിൽ ഇന്ത്യയിൽ മെറ്റയ്ക്ക് ലഭിക്കുന്ന സേഫ് ഹാർബർ നിയമപരിരക്ഷ റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കുമെന്ന് സമിതി മുന്നറിയിപ്പു നൽകി.

നിഷികാന്ത് ദുബൈ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്‍ററി സമിതി യോഗത്തിലാണ് തീരുമാനം. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത് ജനാധിപത്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് സമിതി നിരീക്ഷിച്ചു.

ജൂലൈ 23നാണ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി പ്രധാനമന്ത്രി പങ്കു വച്ച വീഡിയോ ഫേസ് ബുക്കിൽ നിന്നും അപ്രത്യക്ഷമായത്. സാങ്കേതിക തകരാറാണ് ഇതിന്കാരണമെന്ന മെറ്റയുടെ വിശദീകരണം ഐടി മന്ത്രാലയവും പാർലമെന്‍ററി സമിതിയും തള്ളിക്കളഞ്ഞു.

മെറ്റയ്ക്ക് പുറമേ ഗൂഗിൾ, യൂ ട്യൂബ്, എക്സ്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും സമിതി കർശന നിർദേശം നൽകി. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളും സ്ത്രീകൾക്കെതിരേയുള്ള അധിക്ഷേപ പോസ്റ്റുകളും മൂന്നു ദിവസത്തിനകം പൂർണമായും നീക്കം ചെയ്യണമെന്നാണ് നിർദേശം. വീഴ്ച വരുത്തുന്ന പ്ലാറ്റ് ഫോമുകൾക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സമിതി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കി; മാപ്പ് പറഞ്ഞ് മെറ്റയുടെ ആഗോള നയ മേധാവി ജോയൽ കാപ്ലൻ

പാം ഓയിൽ ഉപയോഗിച്ച് വ്യാജ നെയ്യ് നിർമാണം; ഗുജറാത്തിൽ 1.67 കോടിയുടെ ഉൽപന്നങ്ങൾ പിടിച്ചെടുത്തു

മഴ; പത്തനംതിട്ടയിൽ വ്യാഴാഴ്ച ഭാഗിക അവധി

ഹിമാചലിൽ ട്രെയിനി മെഡിക്കൽ ഓഫീസർമാരുടെ ശമ്പളം 60,000 രൂപയായി ഉയർത്തി

ഓൺലൈൻ ഗെയിമിങ് നിയമത്തിനെതിരായ ഹർജികൾ; അന്തിമ വാദം കേൾക്കാൻ സുപ്രീം കോടതി