സുഷമ സ്വരാജും സ്വരാജ് കൗശലും.
ന്യൂഡല്‍ഹി: മിസോറാം മുന്‍ ഗവര്‍ണറും മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ഭര്‍ത്താവുമായ സ്വരാജ് കൗശല്‍ അന്തരിച്ചു. 73 വയസായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വരാജ് കൗശലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മകള്‍ ബന്‍സുരി സ്വരാജ്, എംപിയാണ്.
സ്വരാജിന്‍റെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സ്വരാജിന്‍റെ വിയോഗം വളരെയധികം വേദന നല്‍കുന്നതായും മോദി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. 1990ല്‍ 37 വയസുള്ളപ്പോഴാണ് സ്വരാജ് മിസോറാം ഗവര്‍ണറായത്. ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു സ്വരാജ്.
ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്നതിനു മുന്‍പ്, 1987ൽ സ്വരാജ് അഡ്വക്കേറ്റ് ജനറലായി നിയമിതനായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലെന്ന പ്രത്യേകതയുമുണ്ടായിരുന്നു.
1952ല്‍ ഹിമാചല്‍ പ്രദേശിലെ സോളനിലായിരുന്നു ജനനം. ചണ്ഡിഗണ്ഡില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയതിനു ശേഷം പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കി. 1975ല്‍ സുഷമ സ്വരാജിനെ വിവാഹം കഴിച്ചു.