file image
ന്യൂഡൽഹി: 2008 ൽ ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിൽ തനിക്ക് പങ്കുണ്ടെന്ന് തഹാവൂർ റാണ സമ്മതിച്ചതായി റിപ്പോർട്ടുകൾ. ദേശീയ മാധ്യമമാണ് വിവരം പുറത്തു വിട്ടത്. നിലവിൽ ഡൽഹിയിലെ തിഹാർ ജയിലിൽ എൻഐഎയുടെ കസ്റ്റഡിയിലാണ് റാണ.
താൻ പാക്കിസ്ഥാൻ സൈന്യത്തിന്‍റെ വിശ്വസ്ഥനായ ഏജന്‍റായിരുന്നെന്നെന്നും ലഷ്കറെ ഇ തൊയ്ബയുടെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ റാണ ലഷ്കർ ഇ തൊയ്ബ പ്രധാനമായും ഒരു ചാര ശൃംഖലയായി പ്രവർത്തിച്ചുവെന്നും വെളിപ്പെടുത്തി.
തന്‍റെ സ്ഥാപനത്തിന്‍റെ ഒരു സെന്‍റർ മുംബൈയിൽ തുറക്കാനുള്ള പ്ലാൻ തന്‍റേതു തന്നെയായിരുന്നു. 26/11 ആക്രമണ സമയത്ത് താൻ മുംബൈയിലുണ്ടായിരുന്നുവെന്നും അത് തീവ്രവാദ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റാണ സമ്മതിച്ചു.
ആക്രമണത്തിന് മുൻപ് സുപ്രധാന സ്ഥലങ്ങൾ താൻ സന്ദർശിച്ചുവെന്നും ഐഎസ്ഐയുമായി സഹകരിച്ചാണ് ആക്രമണം നടത്തിയതെന്നും റാണ പറഞ്ഞു. ചോദ്യം ചെയ്യലിന് പിന്നാലെ റാണയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാൻ മുംബൈ പൊലീസ് ഒരുങ്ങുകയാണെന്നാണ് വിവരം.