കെ. മരഗതം കുമാരവേൽ, പി. സത്യഭാമ
ചെന്നൈ: ഒക്റ്റോബർ ആറിന് നടക്കുന്ന തമിഴ്നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) പ്രഖ്യാപിച്ചു. ഇതോടെ പ്രധാന എതിരാളിയായ ഡിഎംകെയുമായി ടിവികെയുടെ നേരിട്ടുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങി. എഐഎഡിഎംകെയും മത്സരരംഗത്തേക്ക് എത്തുമെന്നാണ് സൂചന.
ഏപ്രിൽ 23ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തമിഴ്നാട്ടിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണിത്. മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടിവികെ സഖ്യകക്ഷികളുടെ പിന്തുണയോടെ സംസ്ഥാനത്ത് ആദ്യമായി സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പും കൂടിയാണിത്.
മധുരാന്തകം മണ്ഡലത്തിൽ കെ. മരഗതം കുമാരവേലിനെയും ധാരാപുരം മണ്ഡലത്തിൽ പി. സത്യഭാമയെയും സ്ഥാനാർഥികളാക്കിയതായി ടിവികെ സ്ഥാപകനും മുഖ്യമന്ത്രിയുമായ വിജയ് പ്രസ്താവനയിൽ അറിയിച്ചു. ഇരുവരും നേരത്തെ എഐഎഡിഎംകെ എംഎൽഎമാരായിരുന്നു. ഏപ്രിൽ 23ലെ തെരഞ്ഞെടുപ്പിൽ അതത് മണ്ഡലങ്ങളിൽ എഐഎഡിഎംകെ സ്ഥാനാർഥികളായി വിജയിച്ച ശേഷമാണ് ഇരുവരും എംഎൽഎ സ്ഥാനം രാജിവച്ച് ടിവികെയിൽ ചേർന്നത്. ഇരുവരും രാജിവച്ചതോടെയാണ് മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവിൽ ടിവികെയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണ് മരഗതം. തിരുപ്പൂർ സൗത്ത് ഈസ്റ്റ് ജില്ലാ സെക്രട്ടറിയാണ് സത്യഭാമ.
ഇരുവരെയും ടിവികെ സ്ഥാനാർഥികളാക്കുന്നതിലൂടെ സംവരണ മണ്ഡലങ്ങളിലെ അവരുടെ നിലവിലുള്ള പ്രാദേശിക പിന്തുണ പരമാവധി പ്രയോജനപ്പെടുത്തി പാർട്ടിയുടെ സ്വാധീനം ശക്തിപ്പെടുത്താനാണ് ടിവികെ ലക്ഷ്യമിടുന്നത്. ഇരുസംവരണ മണ്ഡലങ്ങളിലും ‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്റ്ററി ഫ്രണ്ട്’ എന്ന പേരിലുള്ള മുന്നണിയുടെ ബാനറിലായിരിക്കും ടിവികെ മത്സരിക്കുക. ബുധനാഴ്ച നടന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിലാണ് മുന്നണിക്ക് പേര് നൽകിയത്. കോൺഗ്രസും എംഡിഎംകെയും മുന്നണിയിലെ ഘടകകക്ഷികളാണ്.
അതേസമയം മധുരാന്തകത്ത് മുൻ എംഎൽഎയും അഭിഭാഷകനുമായ ഐ. പരന്തമനെയും ധാരാപുരത്ത് എസ്. സുഗന്യയെയുമാണ് ഡിഎംകെ സ്ഥാനാർഥികളാക്കിയിരിക്കുന്നത്. ഇതിനിടെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരിൽനിന്ന് അപേക്ഷ ക്ഷണിച്ചതായി എഐഎഡിഎംകെ അറിയിച്ചു.
ഒക്റ്റോബർ ഒമ്പതിനാണ് വോട്ടെണ്ണൽ. നാമനിർദേശ നടപടികൾ പുരോഗമിക്കുന്നതിനിടെ ഇരുമണ്ഡലങ്ങളിലും വരും ദിവസങ്ങളിൽ പ്രചാരണം ശക്തമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, ടിവികെ സർക്കാരിന്‍റെ പ്രവർത്തനങ്ങളുടെ മികവിൽ മധുരാന്തകത്ത് വീണ്ടും വിജയിക്കുമെന്ന് മരഗതം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘എഐഎഡിഎംകെയുടെ കോട്ട’യായി കണക്കാക്കുന്ന മണ്ഡലത്തിൽ വിജയം ആവർത്തിക്കാനാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സർക്കാരിന്‍റെ 100 ദിവസത്തെ നേട്ടങ്ങൾ ജനങ്ങളിലെത്തിച്ച് വിജയം ഉറപ്പാക്കുമെന്ന് അവർ പറഞ്ഞു.