സിങ്കപ്പെൺ സ്പെഷ്യൽ ഫോഴ്സ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഉദ്ഘാടനം ചെയ്തു.
TN
തമിഴ്നാട്ടിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ‘സിങ്കപ്പെൺ സ്പെഷ്യൽ ഫോഴ്സ്’ ആരംഭിച്ചു. ഐജിപി കെ. ഭവാനീശ്വരിയുടെ നേതൃത്വത്തിലുള്ള ഈ വനിതാ പൊലീസ് സേന മുൻകരുതൽ പൊലീസ് സംവിധാനമായി പ്രവർത്തിക്കും. 354 കോടി രൂപയുടെ ആദ്യഘട്ട പദ്ധതിയിൽ ഡ്രോൺ പട്രോളിങ്, ബോഡി വോൺ ക്യാമറ, ദ്രുതകർമ സേന എന്നിവയിലൂടെ പൊതുസ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കും.
ചെന്നൈ: ഏഴ് വർഷം തമിഴ് സിനിമാ ലോകത്തെ ഇളക്കിമറിച്ച 'ബിഗിൽ' എന്ന ചിത്രത്തിൽ പെൺകുട്ടികളുടെ ഫുട്ബോൾ കോച്ചായി വന്ന് ദളപതി വിജയ് പാടിയ ആ പാട്ട് ആരും മറന്നുകാണില്ല - 'സിങ്കപ്പെണ്ണേ....' അന്ന് എആർ റഹ്മാന്‍റെ ഈണത്തിൽ സ്ത്രീശക്തിയെ വാഴ്ത്തി വിജയ് സ്ക്രീനിൽ നൽകിയ അതേ സന്ദേശം, ഇന്ന് തമിഴ്നാടിന്‍റെ മുഖ്യമന്ത്രിക്കസേരയിലിരുന്ന് ഔദ്യോഗിക സർക്കാർ നയമാക്കി മാറ്റിയിരിക്കുകയാണ് സി. ജോസഫ് വിജയ്.
സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സ്ത്രീകൾ മാത്രം അടങ്ങുന്ന അത്യാധുനിക പൊലീസ് വിഭാഗമായ 'സിങ്കപ്പെൺ സ്പെഷ്യൽ ഫോഴ്സ്' (Singappen Special Force) മുഖ്യമന്ത്രി വിജയ് ചെന്നൈയിൽ ഉദ്ഘാടനം ചെയ്തു. തമിഴക വെട്രി കഴകം (TVK) അധികാരത്തിൽ വന്ന് ഒരു മാസം തികയുമ്പോഴാണ് തന്‍റെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് വിജയ് യാഥാർഥ്യമാക്കിയത്. മേയ് 10-ന് മുഖ്യമന്ത്രിയായി ചുമതലയേറ്റയുടൻ അദ്ദേഹം ഒപ്പുവച്ച ആദ്യത്തെ മൂന്ന് ഫയലുകളിൽ ഒന്ന് ഈ സിങ്കപ്പെൺ സേന രൂപീകരിക്കാനുള്ളതായിരുന്നു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നടന്നതിനു ശേഷം അന്വേഷിക്കുന്ന രീതിക്കു പകരം, കുറ്റകൃത്യങ്ങൾ നടക്കുന്നതിന് മുൻപ് തടയുക (Preventive Policing) എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്. ഇൻസ്പെക്റ്റർ ജനറൽ ഓഫ് പൊലീസ് (IGP) കെ. ഭവാനീശ്വരിയുടെ നേതൃത്വത്തിലുള്ള ഈ സേന മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തിക്കുക.
ആദ്യ ഘട്ടത്തിൽ 354 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഈ സേനയ്ക്കായി മാത്രം 2,500 പുതിയ വനിതാ പൊലീസ് തസ്തികകൾ കൂടി സൃഷ്ടിക്കും. നിലവിൽ സംസ്ഥാനത്തുടനീളം 70 യൂണിറ്റുകളിലായി 140 സബ് ഇൻസ്പെക്റ്റർമാരും 420 കോൺസ്റ്റബിൾമാരും അടങ്ങുന്ന സംഘം പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. കാക്കി പാന്‍റും നീല ഷർട്ടുമാണ് സിങ്കപ്പെൺ സേനയുടെ പ്രത്യേക യൂണിഫോം.
സിങ്കപ്പെൺ സ്പെഷ്യൽ ഫോഴ്സ് ലോഗൊ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രകാശനം ചെയ്യുന്നു.
ഇന്ത്യയിൽ തന്നെ ആദ്യമായി സ്ത്രീ സുരക്ഷയ്ക്കായി ഡ്രോൺ അധിഷ്ഠിത പട്രോളിംഗ് സംവിധാനമാണ് വിജയ് സർക്കാർ ഈ പദ്ധതിയിലൂടെ കൊണ്ടുവരുന്നത്. പൊതുസ്ഥലങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ഐടി പാർക്കുകൾ, സ്കൂൾ-കോളെജ് പരിസരങ്ങൾ എന്നിവിടങ്ങളിൽ ഈ സേനയുടെ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച ഡ്രോണുകൾ നിരന്തരം നിരീക്ഷണം നടത്തും.
വഴിയാത്രക്കാരായ പെൺകുട്ടികളെ ശല്യം ചെയ്യുക (Stalking), ലൈംഗിക അതിക്രമങ്ങൾ, തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുക തുടങ്ങിയവ തടയാൻ അതിവേഗ ദ്രുതകർമ സേനയായി (Rapid Response) ഈ 'സിങ്കപ്പെണ്ണുങ്ങൾ' പാഞ്ഞെത്തും. സിങ്കപ്പെൺ പൊലീസുകാരുടെ യൂണിഫോമിൽ ബോഡി വോൺ ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ടാകും. ഇതുപയോഗിച്ച് തത്സമയ ദൃശ്യങ്ങൾ കൺട്രോൾ റൂമിലേക്ക് അയക്കാൻ സാധിക്കും.
ചെന്നൈ രാജരത്തിനം സ്റ്റേഡിയത്തിൽ നടത്തിയ പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രത്യേക സേനയുടെ ലോഗോ വിജയ് പ്രകാശനം ചെയ്തു. വനിതാ പൊലീസുകാരിയുടെയും സിംഹത്തിന്‍റെയും ചിത്രമുള്ളതാണ് ലോഗോ. ചടങ്ങിൽ വച്ച് പ്രത്യേക പട്രോളിങ് വാഹനം മുഖ്യമന്ത്രി സ്വയം ഓടിച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ റെയിൽവേ ബാൻഡ് സംഘം ബിഗിലിലെ 'സിങ്കപ്പെണ്ണേ', മെർസലിലെ 'ആളപ്പോറാൻ തമിഴൻ' എന്നീ ഹിറ്റ് ഗാനങ്ങൾ വായിച്ചു.
"ഒരു സർക്കാരിന്‍റെ യഥാർഥ വിജയം എന്നത് വലിയ പാലങ്ങളും കെട്ടിടങ്ങളും നിർമിക്കുന്നതിലോ സാമ്പത്തിക വളർച്ചയിലോ മാത്രമല്ല. ആ സംസ്ഥാനത്തെ സ്ത്രീകളും കുട്ടികളും എത്രത്തോളം ഭയമില്ലാതെ, അന്തസോടെയും അഭിമാനത്തോടെയും ജീവിക്കുന്നു എന്നതിലാണ്," - ഉദ്ഘാടന പ്രസംഗത്തിൽ വിജയ് പറഞ്ഞു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പ്രധാന കാരണം ലഹരിവസ്തുക്കളുടെ ഉപയോഗമാണെന്ന് വിജയ് ചൂണ്ടിക്കാട്ടി. മുൻ സർക്കാരുകളുടെ പേരെടുത്ത് പറയാതെ, വർഷങ്ങളായി ലഹരി മാഫിയയെ അവഗണിച്ചതാണ് ഇപ്പോഴത്തെ ക്രമസമാധാന തകർച്ചയ്ക്ക് കാരണമെന്നും തങ്ങളുടെ സർക്കാർ ലഹരി ശൃംഖലകളെ വേരോടെ പിഴുതെറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്ത്രീകളെ ശല്യം ചെയ്യുന്നവർ എത്ര ശക്തരായാലും രക്ഷപെടില്ലെന്നും കുറ്റവാളികൾക്കെതിരേ അതിവേഗം ചാർജ് ഷീറ്റ് ഫയൽ ചെയ്ത് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.