അബോട്ടാബാദിൽ ഭീകര സംഘടന പരിശീലന കേന്ദ്രം terrorist - representative image
India

അബോട്ടാബാദിൽ ഭീകര സംഘടന പരിശീലന കേന്ദ്രം; പരിശീലിപ്പിക്കുന്നത് പാക് സേനാ ക്യാംപസിൽ

നടത്തിപ്പ് ലഷ്കറും ഹിസ്ബുളും ജയ്ഷ് ഇ മുഹമ്മദും

ന്യൂഡൽഹി: പാക്കിസ്ഥാനിലെ അബോട്ടാബാദിൽ ഭീകര സംഘടനകളായ ലഷ്കർ ഇ തൊയ്ബയും ഹിസ്ബുൾ മുജാഹിദ്ദീനും ജയ്ഷ് ഇ മുഹമ്മദും സംയുക്തമായി ഭീകര പരിശീലന കേന്ദ്രം തുടങ്ങി. പാക് സേനയുടെ ഉടമസ്ഥതയിലുള്ള ക്യാംപസിലെ മൈതാനിയിലാണ് ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന പരിശീലനം. പരിശീലന കേന്ദ്രം സുരക്ഷിതമെന്ന് ഉറപ്പുവരുത്താനാണ് പാക് സേനാ കേന്ദ്രത്തോടു ചേർന്ന് ഇതു സ്ഥാപിച്ചതെന്നും പട്ടാളത്തിന്‍റെ അനുമതിയില്ലാതെ ഒരാൾക്കും ഇവിടേക്ക് പ്രവേശനം ലഭിക്കില്ലെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

പാക് ചാര സംഘടന ഐഎസ്ഐ നിയോഗിച്ച ജനറലിനാണു ക്യാംപിന്‍റെ മേൽനോട്ടം. യുവതികളും യുവാക്കളും ഇവിടെ യുദ്ധമുറകളും ആയുധ ഉപയോഗവും പരിശീലിക്കുന്നുണ്ട്. അൽ ക്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ ഒളിവിൽ പാർപ്പിച്ചിരുന്ന കേന്ദ്രമാണ് അബോട്ടാബാദ്. 2011ൽ യുഎസ് സ്പെഷ്യൽ സേന ഇവിടെ നടത്തിയ കമാൻഡോ ഓപ്പറേഷനിൽ ലാദനെ വധിച്ചു. തൊട്ടടുത്ത വർഷം ലാദൻ താമസിച്ചിരുന്ന കെട്ടിടം പാക് അധികൃതർ പൊളിച്ചു നീക്കി. ഇതേ സ്ഥലത്തു തന്നെയാണു പുതിയ ഭീകര കേന്ദ്രമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഹഫീസ് സയീദ്, സയ്യിദ് സലാഹുദ്ദീൻ, മൗലാന മസൂദ് അസർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണു ഭീകര കേന്ദ്രത്തിന്‍റെ പ്രവർത്തനം.

ജമ്മു കശ്മീരിൽ ഒരാഴ്ചയ്ക്കിടെ തുടർച്ചയായി ഭീകരാക്രമണങ്ങളുണ്ടായതിനിടെയാണ് പാക് ഭീകരകേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. വ്യാഴാഴ്ച രാത്രി ബാരാമുള്ളയിൽ സൈനികവാഹനത്തിനു നേരേ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ടു ജവാന്മാരുൾപ്പെടെ നാലു പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് കുടിയേറ്റത്തൊഴിലാളികളും ഡോക്റ്ററുമുൾപ്പെടെ ഏഴു പേരെ ഭീകരർ വധിച്ചത്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ