ഛത്തീസ്ഗഢിൽ കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് 3 പേർ മരിച്ചു
കൊണ്ടഗാവ്: ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിൽ കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് 3 പേർ മരിച്ചു. ടെന്‍റ് ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടിയാണ് മൂന്നു കാണികൾ മരിച്ചത്. മറ്റ് മൂന്നുപേർക്ക് പൊള്ളലേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം.
പെട്ടെന്നുണ്ടായ കാറ്റിൽ 11-കെവി വൈദ്യുതി ലൈൻ കളി കാണാൻ വേണ്ടി നിലത്ത് സ്ഥാപിച്ചിരുന്ന ടെന്‍റിന്‍റെ ഇരുമ്പ് തൂണിൽ തട്ടിയാണ് അപകടമുണ്ടായത്. പ്രദേശവാസികളായ ആറ് പേരെ വിശ്രാംപുരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേർ മരിച്ചതായി പ്രഖ്യാപിച്ചു. പരുക്കേറ്റ മൂന്ന് പേരിൽ രണ്ട് പേരുടെ നില ഗുരുതരമായതിനാൽ ഇവരെ മെഡിക്കൽ സെന്‍ററിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.