കൊല്ലപ്പെട്ട പ്രതി രോഹിത് ആര്യ.
മുംബൈ: മുംബൈയിലെ പവായ് ബന്ദി നാടകം വൻ രാഷ്ട്രീയ വഴിത്തിരിവിലേക്കു നീങ്ങുന്നതായി സൂചന. കേസിലെ പ്രതിയായ രോഹിത് ആര്യ മുൻപ് പുണെയിലെ മുതിർന്ന ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, ഒരു മുൻ മന്ത്രി എന്നിവർക്കെതിരേ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായി ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ബന്ദികളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ ഇയാളെ പൊലീസ് വെടിവച്ചു കൊല്ലുകയും ചെയ്തു.
റിപ്പോർട്ടുകൾ അനുസരിച്ച്, സർക്കാർ സ്കൂൾ പദ്ധതി കരാറുമായി ബന്ധപ്പെട്ട് തനിക്ക് ലഭിക്കാനുള്ള ഏകദേശം രണ്ടു കോടിയോളം രൂപയുടെ കുടിശിക സംബന്ധിച്ച് രോഹിത് ആര്യ നിരവധി തവണ പ്രതിഷേധിക്കുകയും പരാതികൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
മുൻപ് ബാങ്കറായും ഒരു കമ്പനിയുടെ ഡയറക്റ്ററായും പ്രവർത്തിച്ചിരുന്നയാളാണ് രോഹിത്. ഇയാൾ മാനസിക പ്രശ്നമുള്ളാളാണ് എന്നാണ് ബന്ദി നാടകത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, പുതി വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഈ വാദവും സംശയത്തിലായിരിക്കുകയാണ്. ആരോപണം നേരിട്ട പ്രമുഖരുടെ പേരുകൾ കാരണം കേസ് ഉന്നത തലങ്ങളിലേക്ക് എത്താൻ സാധ്യതയുണ്ട്.
മുംബൈയിലെ പവായ് ഏരിയയിലുള്ള ആർ.എ. സ്റ്റുഡിയോയിൽ വച്ചാണ് ബന്ദി നാടകം അരങ്ങേറിയത്. ഒരു വെബ് സീരീസിന്‍റെ ഓഡിഷനായി വിളിച്ചുവരുത്തിയ 17 കുട്ടികളെയും മറ്റ് രണ്ടു പേരെയും രോഹിത് ആര്യ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കുകയായിരുന്നു. പണത്തിനോ മറ്റ് സാമ്പത്തിക കാര്യങ്ങൾക്കോ വേണ്ടിയല്ല താൻ ഇത് ചെയ്യുന്നതെന്നും, ചില ഉന്നതരുമായി സംസാരിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യണമെന്നുമായിരുന്നു ആര്യയുടെ ആവശ്യം.
തന്‍റെ ആവശ്യങ്ങൾ നിഷേധിക്കപ്പെട്ടാൽ കുട്ടികളെ ഉപദ്രവിക്കുമെന്നും കെട്ടിടത്തിന് തീയിടുമെന്നും ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ഭീഷണി മുഴക്കിയിരുന്നു. പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് കുട്ടികളെ സുരക്ഷിതമായി രക്ഷപെടുത്തിയത്.