കടലിൽ കാവലിന് രണ്ടു കപ്പലുകൾ കൂടി
വിശാഖപട്ടണം: അഗ്നി 5 മിസൈൽ പരീക്ഷണത്തിനു പിന്നാലെ രണ്ടു യുദ്ധക്കപ്പലുകൾ കൂടി പുറത്തിറക്കി പ്രതിരോധ സേന. നാവികസേനയ്ക്കു വേണ്ടി സ്റ്റെൽത്ത് ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെട്ട ഐഎൻഎസ് ഉദയ്ഗിരി, ഐഎൻഎസ് ഹിമഗിരി എന്നിവയാണ് തിങ്കളാഴ്ച കിഴക്കൻ നാവികകമാൻഡിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സേനയ്ക്കു കൈമാറിയത്. ഇതാദ്യമാണു രണ്ടു വ്യത്യസ്ത കപ്പൽശാലകളിൽ നിർമിച്ച രണ്ടു മുൻനിര കപ്പലുകൾ ഒരുമിച്ച് ഒരിടത്ത് കമ്മിഷൻ ചെയ്യുന്നത്. കിഴക്കൻ സമുദ്രതീരത്തിനു വർധിച്ചു വരുന്ന പ്രാധാന്യത്തിന് അടിവരയിടുന്നതായി ഈ നടപടി.
പ്രോജക്റ്റ് 17 എ (ശിവാലിക്) വിഭാഗത്തിൽപ്പെട്ട ഫ്രിഗേറ്റുകളാണ് ഉദയ്ഗിരിയും ഹിമഗിരിയും. രൂപകൽപ്പന, സ്റ്റെൽത്ത് ശേഷി, ആയുധ- സെൻസർ സംവിധാനങ്ങൾ തുടങ്ങിയവയുടെ ഏറ്റവും പരിഷ്കരിച്ച പതിപ്പാണിവ. നാവികസേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത നൂറാമത്തെ കപ്പലാണ് ഉദയഗിരി. മുംബൈ മസഗോൺ ഡോക്ക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡിലാണ് ഉദയ്ഗിരി നിർമിച്ചത്. കോൽക്കത്ത ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സിലാണു ഹിമിഗിരി രൂപംകൊണ്ടത്. 200ലേറെ ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഇരു കപ്പലുകളുടെയും നിർമാണത്തിൽ പങ്കുവഹിച്ചു.
നേരിട്ട് 4000 പേർക്കും പരോക്ഷമായി 10000ലേറെ പേർക്കും ഇതുമൂലം തൊഴിൽ ലഭിച്ചു. കപ്പൽ രൂപകൽപ്പനയിലും നിർമാണത്തിലും നാവികസേനയുടെ സ്വാശ്രയത്വത്തെ അടിവരയിടുന്നതാണ് ഇരുകപ്പലുകളുമെന്നു പ്രതിരോധ മന്ത്രാലയം. കപ്പലിന്‍റെ രൂപവും മെഷീനും തീയണയ്ക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാനും ഗതിനിർണയത്തിനും കമ്യൂണിക്കേഷനുമുള്ള സംവിധാനങ്ങളെല്ലാം നിരന്തര പരീക്ഷണത്തിനു വിധേയമായി.
ആത്മനിർഭരതയുടെ വർഷം
ഈ വർഷം തദ്ദേശീയമായി നിർമിച്ച നിരവഘി കപ്പലുകളാണ് നാവികസേന പുറത്തിറക്കിയത്. ഡിസ്ട്രോയർ വിഭാഗത്തിൽപ്പെടുന്ന ഐഎൻഎസ് സൂറത്ത്, ഫ്രിഗേറ്റ് വിഭാഗത്തിലുള്ള ഐഎൻഎസ് നീൽഗിരി, അന്തർവാഹിനി ഐഎൻഎസ് വാഗ്ശീർ എന്നിവ മസഗോൺ ഡോക്കിൽ നിർമിച്ച് കഴിഞ്ഞ ജനുവരിയിൽ മുംബൈയിൽ കമ്മിഷൻ ചെയ്തു. അന്തർവാഹിനികളെ നേരിടാനുള്ള യുദ്ധക്കപ്പൽ ഐഎൻഎസ് അർണാല, ഡൈവിങ് സപ്പോർട്ട് വെസൽ ഐഎൻഎസ് നിസ്താർ എന്നിവയും ഈ വർഷമാണു സേനയ്ക്കു കൈമാറിയത്.
ഉദയ്ഗിരി കിഴക്കൻ കമാൻഡിൽ, ഹിമഗിരി പടിഞ്ഞാറ്
ആന്ധ്രപ്രദേശിലെ മലനിരയാണ് ഉദയ്ഗിരി. ഹിമഗിരി എന്ന പേരിൽ മലനിരയില്ല. ഉദയ്ഗിരി കിഴക്കൻ കമാൻഡിന്‍റെ ഭാഗമാകും. ക്യാപ്റ്റൻ വികാസ് സൂദാകും കമാൻഡർ. നാവികസേനയ്ക്ക് മുൻപ് ഉദയഗിരി എന്ന പേരിലുണ്ടായിരുന്ന കപ്പലിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് വികാസിന്‍റെ അച്ഛൻ. ഒരുമിച്ചു നിൽക്കുക എന്നതു മഹത്തായ വിജയമാണ് എന്ന് അർഥം വരുന്ന സംയുക്ത പരമോജയഹ എന്നതായിരിക്കും ഉദയ്ഗിരിയുടെ വാക്യം. ഹിമഗിരി പശ്ചിമ നാവിക കമാൻഡിലായിരിക്കും സേവനമനുഷ്ഠിക്കുക. അദൃശ്യം അജയ്യം എന്നതായിരിക്കും ഇതിന്‍റെ മുദ്രാവാക്യം.
ഇനിയെല്ലാ കപ്പലും ഇന്ത്യയിൽ നിർമിക്കും: രാജ്നാഥ് സിങ്
വിശാഖപട്ടണം: നാവികസേനയ്ക്കുവേണ്ടി ഇനിയുള്ള യുദ്ധക്കപ്പലുകളെല്ലാം നിർമിക്കുന്നത് ഇന്ത്യയിൽ തന്നെയായിരിക്കുമെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നാവികസേനയ്ക്കു വേണ്ടി വിദേശത്ത് നിർമിച്ച അവസാന യുദ്ധക്കപ്പലാണ് ഐഎൻഎസ് തമാൽ. ഇനിയൊരു യുദ്ധക്കപ്പലും പുറത്തു നിർമിക്കില്ല.
പ്രതിരോധ നിർമാണത്തിൽ സ്വാശ്രയത്വത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നും അദ്ദേഹം. വിശാഖപട്ടണത്ത് ഐഎൻഎസ് ഉദയ്ഗിരി, ഐഎൻഎസ് ഹിമഗിരി എന്നീ യുദ്ധകപ്പലുകൾ കമ്മിഷൻ ചെയ്യുകയായിരുന്നു മന്ത്രി.