തമിഴ്നാട് മുഖ്യമന്ത്രി വിജയ് മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ. സ്റ്റാലിന്‍റെ മകനും പ്രതിപക്ഷനേതാവുമായ ഉദയനിധി സ്റ്റാലിൻ സമീപം.
File
ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന തത്വങ്ങൾ ഒഴിവാക്കപ്പെടുക തന്നെ വേണമെന്ന് തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ സാന്നിധ്യത്തിൽ നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമർശം ആവർത്തിച്ചിരിക്കുന്നത്. പുഞ്ചിരിയോടെ കേട്ടിരിക്കുന്ന വിജയ്‌യെയും വീഡിയോയിൽ കാണാം.
ചെന്നൈ: ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധർമം ഇല്ലാതാക്കണമെന്ന് തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള കന്നി പ്രസംഗത്തിലാണ് ഉദയനിധി വിവാദ പരാമർശം ആവർത്തിച്ചത്. 2023 സെപ്റ്റംബറിലും ഉദയനിധി സമാനമായ പ്രസ്താവന നടത്തിയത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് ദേശീയതയുടെ പ്രതീകമായ 'തമിഴ് തായ് വാഴ്ത്തിനോട്' അനാദരവ് കാണിച്ചതായും ഉദയനിധി ആരോപിച്ചു. ചടങ്ങുകളിൽ തമിഴ് തായ് വാഴ്ത്തിന് നൽകിവരാറുള്ള മുൻഗണന അട്ടിമറിച്ച് മൂന്നാം സ്ഥാനത്തേക്ക് മാറ്റിയത് തെറ്റായ നടപടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പ്രതിപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിഎംകെ സ്ഥാപകൻ സി.എൻ. അണ്ണാദുരൈയുടെ വാക്കുകൾ ഉദ്ധരിച്ചാണ് ഉദയനിധി പ്രതിപക്ഷത്തിന്‍റെ ദൗത്യത്തെ സഭയിൽ വിശദീകരിച്ചത്. ഒരു വാഹനത്തിന് ബ്രേക്ക് എങ്ങനെയോ, അതുപോലെ സർക്കാരിനെ ശരിയായ ദിശയിൽ നയിക്കാൻ പ്രതിപക്ഷം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ ഭരണപക്ഷത്തിന് ഏകദേശം ഒപ്പത്തിനൊപ്പം അംഗബലം പ്രതിപക്ഷത്തിനുണ്ടെന്നും സഭയിൽ അദ്ദേഹം ഓർമിപ്പിച്ചു.
മുഖ്യമന്ത്രി സി. ജോസഫ് വിജയ്, സ്പീക്കർ ജെ.സി.ഡി. പ്രഭാകർ എന്നിവരും താനും ഒരേ കോളേജിലെ (ലോയോള കോളേജ്) പൂർവ വിദ്യാർഥികളാണെന്നും, പക്ഷേ, രാഷ്ട്രീയത്തിൽ താനാണു സീനിയർ എന്നും, പരിചയസമ്പത്ത് പങ്കുവയ്ക്കാൻ തയാറാണെന്നും അദ്ദേഹം തമാശരൂപേണ സഭയിൽ പറഞ്ഞു.
തിരിച്ചടിച്ച് ബിജെപി
ഉദയനിധിയുടെ പരാമർശത്തിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. സനാതന ധർമത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതുകൊണ്ടാണ് ഡിഎംകെക്ക് അധികാരം നഷ്ടമായതെന്ന് ബിജെപി വക്താവ് നാരായണൻ തിരുപ്പതി എക്സിൽ (X) കുറിച്ചു. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നത് തുടർന്നാൽ തമിഴ്‌നാട്ടിലെ ജനങ്ങൾ ഡിഎംകെയെ പൂർണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.