ഇന്ത്യൻ വ്യോമാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടുവെന്ന് ഉൾഫ; നിഷേധിച്ച് ഇന്ത്യ
ന്യൂഡൽഹി: മ്യാൻമറിലെ ക്യാംപുകൾക്കു നേരെ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയെന്ന് ആരോപിച്ച് നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഒഫ് അസം -ഇൻഡിപെൻഡന്‍റ് (ഉൾഫ-ഐ). എന്നാൽ ഇന്ത്യ ഇക്കാര്യം തള്ളിയിട്ടുണ്ട്. അതിർത്തിയിൽ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തിൽ കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ നയൻ മേഥി ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടുവെന്നും 19 പേർക്കു പരുക്കേറ്റുവെന്നുമാണ് ഉൾഫയുടെ വാദം. മണിപ്പുരിൽ നിന്നുള്ള റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് കേഡറുകളും കൊല്ലപ്പെട്ടതായി അവർ ആരോപിക്കുന്നു.
ഞായറാഴ്ച പുലർച്ചെ നാലു മണി വരെയുള്ള രണ്ടു മണിക്കൂറിൽ നാഗാലാൻഡിലെ ലോങ്വ മുതൽ അരുണാചലിലെ പാങ്സോ പാസ് വരെയുളഅള മേഖലയിൽ ഇന്ത്യ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ആരോപണം.
മ്യാൻമർ സൈന്യത്തിന്‍റെ സഹകരണത്തോടെയാണ് ആക്രമണമെന്നും ഉൾഫ വാദിക്കുന്നു. എന്നാൽ ഇത്തരത്തിൽ ഒരാക്രമണം ഉണ്ടായിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. അസമിന്‍റെ മണ്ണിൽ നിന്ന് ഇത്തരം ആക്രമണം ഉണ്ടായിട്ടില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസും വ്യക്തമാക്കിയിട്ടുണ്ട്.