രാജ്യത്തെ പെൺമക്കൾക്ക് നീതി വേണം; ഉന്നാവ് പീഡനക്കേസിൽ പാർലമെന്‍റിന് മുന്നിൽ വനിതകളുടെ പ്രതിഷേധം
ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസിൽ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന് വിചാരണകോടതി വിധിച്ച ജിവപര്യന്തം കടവ് ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ പാർലമെന്‍റിന് മുന്നിൽ വനിതകളുടെ പ്രതിഷേധം. നീതി ആവശ്യപ്പെട്ടാണ് പ്രതിഷേധം.സാമൂഹിക പ്രവർത്തക മുംതാസ് പാട്ടേൽ, അംഗിത ഭയാന, ഋതിക ഇഷ, കെസ്‌വിയ ഹാലിത് എന്നിവരാണ് പ്രതിഷേധിക്കുന്നത്. രാജ്യത്തെ പെൺമക്കൾക്കു നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് അൽപ്പസമയം മുമ്പ് ഇവർ പ്രതിഷേധം ആരംഭിച്ചത്.
ഹൈക്കോടതി നടപടിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കം. സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിക്ഷേധക്കാർ പറഞ്ഞു. പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും സ്ഥലത്ത് എത്തിയിട്ടുണ്ട്.
2017-ലാണു ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗർ ബലാത്സംഗം ചെയ്യുകയായിരുന്നു. കേസിൽ ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. 2019ലെ വിചാരണക്കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് കുൽദീപ് സിങ് നൽകിയ ഹർജിയിൽ അന്തിമ തീർപ്പാകുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചത്.