2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ
representative image
ഭോപ്പാൽ: വരുന്ന ഒക്റ്റോബർ 15 മുതൽ മധ‍്യപ്രദേശിലെ പെട്രോൾ പമ്പുകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല. കേന്ദ്ര സർക്കാർ പുതുതായി ഏർപ്പെടുത്തിയ മെർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് മൂലമുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടിയാണ് നടപടി.
സംസ്ഥാനത്തെ പെട്രോൾ പമ്പ് അസോസിയേഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കേന്ദ്രത്തിന്‍റെ പുതിയ നയത്തെ സംസ്ഥാനത്തുടനീളമുള്ള പമ്പ് ഡീലർമാർ എതിർക്കുന്നുവെന്നും പെട്രോൾ പമ്പുകളിലെ യുപിഐ ഇടപാടുകൾക്ക് എംഡിആർ പൂർണമായി ഒഴിവാക്കണമെന്നും അസോസിയേഷൻ പ്രസിഡന്‍റ് അജയ് സിംഗ് പറഞ്ഞു.
ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഇതിനോടകം തന്നെ പമ്പ് ഡീലർമാർ എംഡിആർ നൽകുന്നുണ്ടെന്നും നിലവിൽ യുപിഐ ഇടപാടുകൾക്ക് പുതിയ നിരക്ക് ഏർപ്പെടുത്തുന്നത് തങ്ങൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രധാനമായും യുപിഐ ഇടപാടുകളെ ആശ്രയിച്ചിരുന്ന ഗ്രാമീണ മേഖലയിലുള്ളവരെ ഇത് സാരമായി ബാധിക്കുമെന്നും സംഘടനയിലെ ഒരു അംഗം വ‍്യക്തമാക്കി.