ഉയർന്ന ചെലവ്; സൈനിക വിമാനത്തിൽ കുടിയേറ്റക്കാരെ നാടുകടത്തുന്നത് നിർത്തിയതായി യുഎസ്
വാഷിങ്ടൺ: യുഎസിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ നാടുകടത്തുന്നത് നിർത്തിവച്ചതായി അറിയിച്ച് അമെരിക്ക. സൈനിക വിമാനങ്ങളിയിരുന്നു അനധികൃത കുടിയേറ്റക്കാരെ അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയച്ചുകൊണ്ടിരുന്നത്. എന്നാൽ ഇത് ഉയർന്ന ചെലവിന് വഴിവക്കുന്നതായി കണ്ടെത്തിയതോടെയാണ് നിർത്തലാക്കിയത്.
ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് രാജ്യത്തുള്ളതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇവരെ മൊത്തം കണ്ടെത്തി വിമാനങ്ങളിൽ കയറ്റി അയക്കുന്നത് ഭീമമായ ചെലവുണ്ടാക്കും. കണക്കുകൾ പ്രകാരം സി17 സൈനിക വിമാനത്തിന് മണിക്കൂറിൽ 24.83 ലക്ഷം രൂപ ചെലവാകും. ഇതുമൂലം നടപടികൾ പൂർണമായി നിർത്തിവയ്ക്കാനോ കൂടുതൽ കാലയളവിലേക്കു നീട്ടിവയ്ക്കാനോ സാധ്യതയുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
മാര്‍ച്ച് 1നാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള അവസാന യുഎസ് വിമാനം പുറപ്പെട്ടതെന്നാണ് വിവരം. ജനുവരിയിൽ യുഎസ് പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു പിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഫെബ്രുവരി മാസത്തിൽ ഇത്തരത്തിൽ 3 തവണ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം ഇന്ത്യയിലും ഇറങ്ങിയിരുന്നു. ഇന്ത്യയിലേക്കു മാത്രമുള്ള യാത്രയിൽ 78.36 കോടി രൂപയാണ് ചെലവായതെന്നാണ് വിവരം.