ഉത്തരാഖണ്ഡ് ഹിമപാതം: 4 മരണം; 5 പേർക്കായി തെരച്ചിൽ തുടരുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ ബിആർഒ തൊഴിലാളികളിൽ 4 പേർ മരിച്ചു. 5 പേർ ഇപ്പോഴും ഇവിടെ കുടുങ്ങികിടക്കുകയാണ്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്. ബിആര്‍ഒ(ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍) ക്യാമ്പിലുണ്ടായിരുന്ന 55 തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 46 പേരെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു.
പ്രശസ്തമായ ബദരിനാഥ ക്ഷേത്രത്തിനും ടിബറ്റ് അതിർത്തിയിലെ ഇന്ത്യൻ ഗ്രാമമായ മാനയ്ക്കുമിടയിലാണു അപകടം. ബിആർഒയുടെ ക്യാംപിൽ തൊഴിലാളികൾ താമസിച്ചിരുന്ന ഏഴു കണ്ടെയ്‌നറുകൾക്കും ഒരു ഷെഡിനും മുകളിലേക്ക് രാവിലെ 7.15ന് കൂറ്റൻ മഞ്ഞുപാളി ഇടിഞ്ഞുവീഴുകയായിരുന്നു.
അപകടമുണ്ടായി നിമിഷങ്ങൾക്കുള്ളിൽ ഐബെക്സ് ബ്രിഗേഡിലെ 100ലേറെ അംഗങ്ങളുൾപ്പെടെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. പർവത മേഖലകളിലെ രക്ഷാപ്രവർത്തനത്തിന് വൈദഗ്ധ്യമുള്ളവരാണ് ഇവർ. ഡോക്റ്റർമാരും ആംബുലൻസുകളുമായെത്തിയ ഇവർ നിമിഷങ്ങൾക്കുള്ളിൽ 10 പേരെ പുറത്തെത്തിച്ചു. എന്നാൽ, പിന്നീട് പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിനു തടസമുണ്ടാക്കിയിരുന്നു. നിലവിൽ എന്‍ഡിആര്‍എഫ് എസ്ഡിആര്‍എഫ് സംഘങ്ങളുടെയും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിന്‍റെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.