ജവഹർലാൽ നെഹ്റു
file image
ന്യൂഡൽഹി: ദേശഭക്തിഗാനമായ വന്ദേമാതരത്തിന്‍റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരേ ആരോപണവുമായി ബിജെപി. ദുർഗാ ദേവിയെ സ്തുതിക്കുന്ന ഭാഗം വന്ദേമാതരത്തിൽ നിന്നും നെഹ്റു മനപ്പൂർവം നീക്കം ചെയ്തെന്നാണ് വിമർശനം.
1937-ൽ നെഹ്‌റു അധ്യക്ഷനായിരുന്ന കാലത്ത് കോൺഗ്രസ് ഒരു 'ചരിത്രപരമായ പാപവും മണ്ടത്തരവും' ചെയ്തുവെന്നാരോപിച്ച് ബിജെപി വക്താവ് സി.ആർ. കേശവനാണ് ട്വീറ്റിലൂടെ ആരോപണം ഉന്നയിച്ചത്.
"നേതാജി സുഭാഷ് ചന്ദ്രബോസ് ഗാനത്തിന്‍റെ പൂർണ പതിപ്പ് പുറത്തിറക്കുന്നതിനെ അനുകൂലിച്ചിരുന്നെങ്കിലും, വന്ദേമാതരം ദേശീയ ഗാനത്തിന് യോജിച്ചതല്ല എന്ന് നെഹ്‌റു അഭിപ്രായപ്പെട്ടിരുന്നു. വന്ദേമാതരത്തിന്‍റെ പശ്ചാത്തലം മുസ്ലീങ്ങളെ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അവകാശപ്പെട്ട് 1937 ഒക്ടോബർ 20-ന് നെഹ്‌റു നേതാജി ബോസിന് കത്തെഴുതി. വന്ദേമാതരത്തിനെതിരായ പ്രതിഷേധത്തിൽ കഴമ്പുണ്ടെന്ന് തോന്നുന്നുവെന്നും വർഗീയ ചായ്‌വുള്ള ആളുകളെ അത് ബാധിച്ചേക്കാമെന്നും കരുതി സുഭാഷ് ചന്ദ്ര ബോസ് ഗാനം വെട്ടിച്ചുരുക്കുകയായിരുന്നു'' അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ദേശീയ ഗാനമായ 'വന്ദേമാതരം' ത്തിന്‍റെ 150 വർഷം ആഘോഷിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിന് മുന്നോടിയായാണ് നേതാവിന്‍റെ അമ്പരപ്പിക്കുന്ന അവകാശവാദങ്ങൾ പുറത്തുവന്നിരിക്കുന്നത്. ജനഗണമന മാറ്റി വന്ദേമാതരം ദേശിയ ഗാനമാക്കണമെന്ന ബിജെപി എംപി വിശ്വേശ്വർ കഗേരി അഭിപ്രായം ഉന്നയിച്ചതിന് ദിവസത്തിന് ശേഷമാണ് പുതിയ അവകാശ വാദമെന്നതും ശ്രദ്ധേയമാണ്.