വിജയ് മുഖ്യമന്ത്രി സ്ഥാനാർഥി
ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ തെരഞ്ഞെടുത്തു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലിലാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്. ടിവികെയുടെ ഭാവികാര്യങ്ങൾ തീരുമാനിക്കുന്നതിന് ചേര്‍ന്ന യോഗമാണ് നിര്‍ണായക തീരുമാനം എടുത്തത്. കരൂർ ദുരന്തം ഉണ്ടായതോടെ ടിവികെയ്ക്ക് ഭാവിയില്ലെന്ന അഭ്യൂഹങ്ങൾ പലകോണിൽ നിന്നും ഉയർന്നിരുന്നു.
ഇതിനെ തളളികൊണ്ടാണ് വിജയ് തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.
കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ 28അംഗ പുതിയ നിർവ്വാഹക സമിതി രൂപീകരിച്ചിരുന്നു. നിര്‍വാഹക സമിതി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ യോഗമാണ് ബുധനാഴ്ച ചേർന്നത്. കരൂർ ദുരന്തം ഉണ്ടായതോടെ എഐഎഡിഎംകെ ടിവികെയുമായി സഖ്യശ്രമത്തിന് നീക്കം നടത്തിയിരുന്നു.
ഇതിനെ തളളികൊണ്ടാണ് ജനറൽ കൗൺസിലിന്‍റെ നിർണ്ണായക നീക്കം. ഇതോടെ 2026 ല്‍ തമിഴ്നാട്ടിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിന് മൂർച്ചയേറുമെന്ന് ഉറപ്പായി.