ബജറ്റ് അവതരണത്തിൽ നിന്നും
കോൽക്കത്ത: പശ്ചിമ ബംഗാളിൽ കന്നി ബജറ്റിൽ ജനപ്രീയ പ്രഖ‍്യാപനങ്ങളുമായി സുവേന്ദു സർക്കാർ. ബിരുദധാരികളായ തൊഴിൽ രഹിതർക്ക് മാസം തോറും 3,000 രൂപ ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. ധനമന്ത്രി സ്വപൻ ദാസ് ഗുപ്തയാണ് ബജറ്റ് അവതരിപ്പിച്ചത്.
നേരത്തെയുണ്ടായിരുന്ന യുവ സതി പദ്ധതിക്കു പകരം ഭരോസ പദ്ധതിയാണ് ധനമന്ത്രി പ്രഖ‍്യാപിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ബിരുദധാരികളായ തൊഴിൽ രഹിതർക്ക് 3000 രൂപയും തൊഴിലില്ലാത്ത യുവാക്കൾക്ക് 2000 രൂപയും പ്രതിമാസം ലഭിക്കും.
സർക്കാർ- എയ്ഡഡ് കോളെജുകളിലേക്കുള്ള മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് ഒറ്റതവണയായി 25,000 രൂപ ധനസഹായം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. എഐ, ഓൺലൈൻ പരീക്ഷാ സംവിധാനങ്ങൾ എന്നിവയിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ വകുപ്പുകളിൽ ഒരു ലക്ഷത്തോളം നിയമനങ്ങൾ നടത്തുമെന്നും33 ശതമാനം സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
വനിതാ-ശിശു വികസന, സാമൂഹിക ക്ഷേമ വകുപ്പിന് 52,308 കോടി രൂപ വകയിരുത്തി. വനിതാ സംരംഭകർക്കായി ക്ലൗഡ് കിച്ചൺ പ്രോഗ്രാം, സ്കൂളുകളിൽ സാനിറ്ററി വെൻഡിങ് മെഷീനുകൾ, കോണ്ടായി, കാലിയചക്, ഫാൽറ്റ എന്നിവിടങ്ങളിൽ വനിതാ സർവകലാശാലകൾ വരുമെന്നും പ്രഖ‍്യാപനമുണ്ട്. കർഷകർക്ക് വിത്തുകൾ വാങ്ങുന്നതിന് ധനസഹായമായി 3,000 രൂപ നൽകുമെന്നും സുവേന്ദു സർക്കാർ വ‍്യക്തമാക്കി. കോൽക്കത്തയ്ക്ക് സമീപത്തുള്ള കല‍്യാണിയിൽ പുതിയ വിമാനത്താവളം നിർമിക്കുമെന്നും ബജറ്റിൽ പ്രഖ‍്യാപിച്ചു.