Create in india എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു 
India

Create in india എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു

അടുത്ത നൂറ്റാണ്ടിന്‍റെ ആഖ്യാനങ്ങളും സാമ്പത്തിക അവസരങ്ങളും സ്വന്തമാക്കാനുള്ള ഇന്ത്യയുടെ താക്കോൽ

Megha Ramesh Chandran

അനുരാഗ് സക്‌സേന

നൂതനാശയങ്ങൾ, ബൗദ്ധിക സ്വത്തവകാശം (IP), സാങ്കേതിക പുരോഗതിയ്ക്കായുള്ള അശ്രാന്ത പരിശ്രമം എന്നീ മേഖലകളിൽ നൂറ്റാണ്ടുകളായി ശ്രദ്ധ കേന്ദ്രീകരിച്ചതിന്‍റെ പ്രതിഫലം കൊയ്തെടുക്കാൻ പാശ്ചാത്യ രാജ്യങ്ങൾക്കായിട്ടുണ്ട്. ഉത്പാദനത്തിനും സേവനത്തിനുമപ്പുറം സർഗാത്മകതയെ സദാ മഹത്വവത്കരിക്കുന്നതിലൂടെ, ഈ രാജ്യങ്ങൾ സ്വന്തം കണ്ടുപിടുത്തങ്ങളുടെ സാമ്പത്തിക നേട്ടം പ്രയോജനപ്പെടുത്തുകയും ആഗോള വിപണികളിലേക്ക് ആശയങ്ങൾ കയറ്റി അയക്കുകയും ചെയ്തു.

ഇതിലൂടെ സ്വയം സാമ്പത്തിക ശക്തികേന്ദ്രങ്ങളായി സ്ഥാപിക്കാനും ഈ രാജ്യങ്ങൾക്ക് കഴിഞ്ഞു. ഇന്‍റർനെറ്റ്, ഫാർമസ്യൂട്ടിക്കൽസ്, എയ്‌റോസ്‌പേസ് തുടങ്ങി അതിനൂതന സാങ്കേതിക വിദ്യകളിലൂടെ വ്യവസായ മേഖലയെ രൂപാന്തരപ്പെടുത്തിയ യുഎസ് ഒരു മികച്ച ഉദാഹരണമാണ്. അവരുടെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വിപുലമായ ആഗോള ആവശ്യകത സൃഷ്ടിക്കപ്പെട്ടു. അതുപോലെ, അടിസ്ഥാന സൗകര്യങ്ങൾ (ഉദാ: റെയ്‌ൽ, റോഡ് വികസനം മൂലമുള്ള സാമ്പത്തിക നേട്ടത്തെക്കുറിച്ച് ചിന്തിക്കുക). ഓട്ടോമോട്ടീവ് എൻജിനീയറിങ്, ആഡംബര വസ്തുക്കൾ, നൂതനാശയങ്ങൾ, ബൗദ്ധിക സ്വത്തുക്കൾ (IP) എന്നീ മേഖലകളിലെ മുന്നേറ്റത്തിലൂടെ യൂറോപ്യൻ രാജ്യങ്ങൾ ആഗോള ആധിപത്യം നേടിയെടുത്തു.

ഇതിനു വിപരീതമായി, ഇന്ത്യയെയും ചൈനയെയും പോലുള്ള സമ്പദ്‌വ്യവസ്ഥകൾ ചരിത്രപരമായി തങ്ങളുടെ വളർച്ചയെ ഉത്പാദന, സേവന മേഖലകളിൽ പരിമിതപ്പെടുത്തി. മൂല്യവർധനയുടെ കാര്യത്തിൽ ഈ രണ്ട് മേഖലകളും ഏറെ പിന്നിലാണെന്നതാണ് വസ്തുത. ഈ സമീപനം, വ്യാവസായികവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഫലപ്രദമാണെങ്കിലും, നൂതനാശയങ്ങളും ബൗദ്ധിക സ്വത്തുക്കളും സൃഷ്ടിക്കുന്നതിൽ മുൻഗണന നൽകുന്നില്ല.യഥാർത്ഥത്തിൽ ധനസമ്പാദനം നടത്താവുന്ന ബൗദ്ധിക ആസ്തികളുടെയും സാങ്കേതികവിദ്യകളുടെയും സ്രഷ്‌ടാക്കളാകുന്നതിന് പകരം അവയുടെ ഉപഭോക്താക്കളായി ഇന്ത്യയെയും ചൈനയെയും പോലുള്ള സമ്പദ്‌വ്യവസ്ഥകൾ അവശേഷിച്ചു.

എന്നാൽ, സമീപ വർഷങ്ങളിൽ ഈ വാർപ്പുമാതൃക തകർത്തു പുറത്തു കടന്ന ചൈന നവീകരണം, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ വൻതോതിൽ നിക്ഷേപം നടത്തി. ടെലികമ്മ്യൂണിക്കേഷൻ, സാമൂഹ്യമാധ്യമങ്ങൾ, ഗെയിമിങ് തുടങ്ങിയ മേഖലകളിൽ രാജ്യം അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തു. ആഗോള ഭീമൻമാരായ Huawei, TikTok, Tencent എന്നിവ ഉദാഹരണമാണ്. ഈ ശ്രമങ്ങൾ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല, ആഗോളതലത്തിൽ ഒരു വൻകിട കയറ്റുമതി രാജ്യമായി ചൈനയുടെ സ്ഥാപിക്കുകയും ലോകമെമ്പാടുമുള്ള വിലപ്പെട്ട ഡാറ്റകളിലേക്ക് പ്രവേശനം ലഭ്യമാക്കുകയും ചെയ്തു.

മറുവശത്ത് ഇന്ത്യ മറ്റൊരു പാത പിന്തുടർന്നു. ഉത്പാദനത്തിലും സാങ്കേതികവിദ്യാ നിർമാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, കോൺടാക്റ്റ് സെന്‍ററുകൾ, ഗ്ലോബൽ കോംപിറ്റൻസ് സെന്‍ററുകൾ (GCCs), ഐടി സേവനങ്ങൾ എന്നിവയുടെ പര്യായമായി ഇന്ത്യ മാറി. ഈ സാഹചര്യം ഇന്ത്യയ്ക്ക് "ലോകത്തിന്‍റെ ബാക്ക്റൂം' എന്ന ബഹുമതി നേടിക്കൊടുത്തു. ഇത് സാമ്പത്തികമായി പ്രയോജനകരമായിരുന്നെങ്കിലും, നൂതനാശയങ്ങളിലും ഉന്നത മൂല്യമുള്ള സാങ്കേതിക വിദ്യകളുടെ സൃഷ്ടിയിലും രാജ്യത്തെ പിന്നോട്ടടിച്ചു. സേവനങ്ങൾ നൽകുന്നതിൽ മികവ് പുലർത്തിയ ഇന്ത്യ നവീകരണത്തിലും ഉത്പന്ന വികസനത്തിലും മറ്റ് രാജ്യങ്ങളുടെ ശ്രമങ്ങളെ മുന്നിൽ നയിക്കുന്നതിനുപകരം അവർക്ക് പിന്തുണ നൽകി.

എന്നിരുന്നാലും, കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ആഗോള വീക്ഷണത്തിൽ കാര്യമായ പരിവർത്തനമുണ്ടായി. വൻശക്തികളുമായി തന്ത്രപരമായ പങ്കാളിത്തം പിന്തുടരുന്നതിനൊപ്പം അന്താരാഷ്‌ട്ര കാര്യങ്ങളിൽ സ്വയംനിർണയാവകാശം നിലനിർത്തിക്കൊണ്ട് ആഗോളതലത്തിൽ ഇന്ത്യ കൂടുതൽ ഉറച്ച നിലപാട് സ്വീകരിച്ചു. ഭൗമരാഷ്‌ട്രീയ രംഗത്ത്, ഇന്ത്യ സ്വന്തം പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ഇൻഡോ- പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനത്തെ ചെറുക്കുന്നതിന് ക്വാഡ് പോലുള്ള സംരംഭങ്ങളിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. വ്യാപാര ഇടപാടുകളിൽ ഇന്ത്യ പുനരാലോചന നടത്തി. കോവിഡ് -19 മഹാമാരി മൂലമുണ്ടായ ആഗോള തടസങ്ങളുടെ പശ്ചാത്തലത്തിൽ, ആഗോള വിതരണ ശൃംഖലകളിൽ, ഒരു നിർണായക ശക്തിയായി ഇന്ത്യ വീക്ഷിക്കപ്പെടുന്നു.

"ഇന്ത്യയിൽ സൃഷ്ടിക്കുക' എന്നതിലെ ഇപ്പോഴത്തെ ശ്രദ്ധ സമയബന്ധിതവും തന്ത്രപരമായി നിർണായകവും ആകുന്നത് എന്തുകൊണ്ടാണെന്ന് ഈ പുതിയ ദൃഢനിശ്ചയം അടിവരയിടുന്നു. നൂതനാശയ സംസ്കാരം വളർത്തിയെടുക്കുകയും തദ്ദേശീയ സാങ്കേതികവിദ്യകളുടെ വികസനത്തെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട്, വരും നൂറ്റാണ്ടിൽ സാമ്പത്തികമേഖലയിലും മൃദുശക്തിയിലും ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യ സ്വയം സജ്ജമാവുകയാണ്. സൃഷ്ടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, മൂല്യ ശൃംഖലയിൽ സാമ്പത്തികമായി മുന്നേറാനും, ബൗദ്ധിക സ്വത്തിൽ നിന്ന് കൂടുതൽ വരുമാനം നേടാനും, വിദേശ സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യയെ പ്രാപ്തമാക്കും. മാധ്യമ, വിനോദ മേഖലകളിൽ വികലമായ പാശ്ചാത്യ ആഖ്യാനങ്ങളോട് നിരന്തരം പ്രതികരിക്കുന്നതിനുപകരം മൃദു ശക്തിയിലൂടെ സ്വന്തംആഖ്യാനങ്ങൾ രൂപപ്പെടുത്താൻ ഇന്ത്യയെ അനുവദിക്കും.

ഇത്തരമൊരു സാഹചര്യത്തിൽ നമുക്കൊരുമിച്ച് "ഇന്ത്യയിൽ സൃഷ്ടിക്കുക' ("ക്രിയേറ്റ് ഇൻ ഇന്ത്യ') എന്ന പ്രസ്ഥാനം ആരംഭിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തപ്പോൾ അതിന്‍റെ രണ്ടാം നിര മൂന്നാം നിര പ്രത്യാഘാതങ്ങൾ, പ്രത്യേകിച്ച് ആഖ്യാന പുനർനിർണയത്തിലും നമ്മുടെ സാംസ്ക്കാരിക ആശയങ്ങൾ ആഗോളതലത്തിലേക്ക് കയറ്റുമതി ചെയ്യുന്നതിലുമുള്ള പ്രത്യാഘാതങ്ങൾ പൊതുവെ മനസിലാക്കപ്പെട്ടില്ല. ഈസ്റ്റ്മാൻ കളർ, വിനൈൽ റെക്കോർഡുകൾ എന്നീ "സാങ്കേതികവിദ്യകൾ' അമേരിക്കയുടെ നായക കഥാപാത്രങ്ങളെയും റോക്ക്സ്റ്റാറുകളെയും പ്രോത്സാഹിപ്പിച്ചു. എക്‌സ്ആറിന്‍റെയും ഗെയിമിങ്ങിന്‍റെയും യുഗം ഇന്ത്യയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.

വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്‍റർടൈൻമെന്‍റ് സമ്മിറ്റ് (WAVES) 2025ന്‍റെ കീഴിൽ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം അടുത്തിടെ "ക്രിയേറ്റ് ഇൻ ഇന്ത്യ' ചലഞ്ച് പ്രഖ്യാപിച്ചു. നമ്മുടെ AVGC മേഖലയുടെ ഭാവി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന ഒരു അതുല്യ സംഭവമാണിത്. ഈ ബ്രോഡ്- സ്പെക്‌ട്രം ചലഞ്ച് 25 തരം ഉള്ളടക്കങ്ങളിലും ഗെയിമുകളിലും നമ്മുടെ മികച്ച നൈപുണ്യങ്ങൾ പ്രദർശിപ്പിക്കുന്നു. ഇത്തരം ദൃശ്യപരതയുള്ള ആഘോഷങ്ങൾ ഇന്ത്യയ്ക്ക് ആവശ്യമാണ്. നമ്മുടെ സർഗാത്മകതയും അഭിലാഷങ്ങളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള സമയമാണിത്.

എന്നിരുന്നാലും, ഈ സാധ്യതകൾ പൂർണമായി തുറക്കുന്നതിന്, ഇന്ത്യ വൻതോതിൽ നിക്ഷേപിക്കേണ്ടിവരും. AVGC മേഖല ഡിജിറ്റൽ ഇടപാടുകളുടെയും വിനോദത്തിന്‍റെയും ഭാവിയെ പ്രതിനിധീകരിക്കുന്നു. ഭാവിയിലേക്കുള്ള ഈ വാതിൽ തുറക്കുന്നതിന്, നൈപുണ്യ വികസനം, നിക്ഷേപ പൈപ്പ്‌ലൈനുകൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവ പ്രധാനമാണ്. ഇതിന് ഒരു ആധുനിക നിയന്ത്രണ സംവിധാനവും മറ്റ് ആവശ്യകതകളുമുണ്ട്. ഇത് ശരിക്കും ശ്രമകരമായ ഒരു ജോലിയാണ്. എന്നാൽ ഗംഗോത്രിയുടെ സ്ഥാപനത്തിലൂടെ, ആഗോള സമ്പദ്‌വ്യവസ്ഥയിലും ആഖ്യാനങ്ങളിലും വരും വർഷങ്ങളിൽ നേതൃത്വം ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയും.

നയ വിദഗ്‌ദ്ധനും കോളമിസ്റ്റുമാണ് ലേഖകൻ. വാഷിങ്ടൺ പോസ്റ്റ്, ബിബിസി, വൈസ്, ദി ഡിപ്ലോമാറ്റ്, ഫിനാൻഷ്യൽ എക്സ്പ്രസ്, സൺഡേ ഗാർഡിയൻ, സ്പാൻ, ഓർഗനൈസർ, പാഞ്ചജന്യ എന്നിവയിൽ അദ്ദേഹത്തിന്‍റെ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരത സർക്കാരിന്‍റെ നാഷണൽ ടൂറിസം അഡ്വൈസറി കൗൺസിലിലെ നോമിനേറ്റഡ് അംഗവും സെന്‍റർ ഫോർ ഇൻസോൾവൻസി ആൻഡ് ഫിനാൻഷ്യൽ ലോസിന്‍റെ ബോർഡ് അംഗവും ഇ- ഗെയിമിങ് ഫെഡറേഷന്‍റെ സിഇഒയുമാണ്).

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ